Site iconSite icon Janayugom Online

നിരോധിത മേഖലയില്‍ നിസ്കരിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ യുപി സര്‍ക്കാരിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശിലെ നിരോധിത മേഖലയില്‍ നിസ്കരിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ നടപിടികള്‍ തടഞ്ഞ് അലഹബാദ് ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കുറ്റപത്രം മെയ് മാസത്തില്‍ പുറപ്പെടുവിച്ച സമന്‍സും കോടതി റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയാണ് പരിഗണിച്ചത്. ഫെബ്രുവരി 17നാണ് കോടതി നടപടികള്‍ റദ്ദാക്കിയത്.വിശ്വാസപ്രകാരം നിസ്‌കരിച്ചതിനാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതെന്ന് അഭിഭാഷകന്‍ വാദിച്ചു.

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ ഈയൊരു കേസില്‍ വിചാരണ തുടരുന്നത് വിദ്യാര്‍ത്ഥിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.നിരോധിത സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ മനപൂര്‍വം നിസ്‌കരിക്കുക ആയിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിയന്ത്രങ്ങളെന്ന് മനസിലാക്കിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ നിസ്‌കാരം നടത്തിയതെന്നും സര്‍ക്കാര്‍ വാദിച്ചു. യുപിയിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലെ പഞ്ചായത്ത് താത്കാലികമായി നിരോധിച്ച സ്ഥലത്താണ് വിദ്യാര്‍ത്ഥികള്‍ നിസ്‌കരിച്ചത്.സംഭവം വിവാദമായതോടെ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ നിയമവിരുദ്ധമായി സംഘം ചേരല്‍, ഉദ്യോഗസ്ഥര്‍ നിയമപരമായി പ്രഖ്യാപിച്ച ഉത്തരവുകള്‍ അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. 

ഐപിസി 143, 188 എന്നീ വകുപ്പുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയത്.എന്നാല്‍ ക്രിമിനല്‍ നടപടികള്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഭാവിയില്‍ ക്രമസമാധാനത്തിനും സാമുദായിക ഐക്യത്തിനും വേണ്ടി ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കണമെന്നും കോടതി വിദ്യാര്‍ത്ഥികളെ നിര്‍ദേശിച്ചു.രാജ്യത്തെ ജനാധിപത്യ‑മതേതര സംവിധാനത്തില്‍ പൗരന്മാര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ചില അവസരങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും പൗരന്മാര്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി ആവര്‍ത്തിച്ചു.

Exit mobile version