Site iconSite icon Janayugom Online

ലഖിംപൂർഖേരി കൂട്ടക്കൊല കേസിൽ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി

ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന്, ഇരകളായ കർഷകരുടെ കുടുംബങ്ങളുടെ വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചുക്കൊണ്ടാണ് ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയത്. ഫെബ്രുവരിയിൽ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

ഒക്ടോബർ മൂന്നിനാണ് ലഖിംപൂർഖേരിയിൽ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ ഗുണ്ടകൾ കാറുകൾ ഇടിച്ചു കയറ്റിയശേഷം വെടിയുതിർത്തത്. നാലു കർഷകരും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും അടക്കം എട്ടു പേരാണ് ലഖിംപുർ ഖേരിയിൽ കൊല്ലപ്പട്ടത്.

കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്തിലധികം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാതെ വന്നപ്പോഴാണ് സുപ്രീം കോടതി ഇടപെട്ടത്. കേസ് പരിഗണിച്ച ഘട്ടത്തിൽ പലവട്ടം യുപി സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; Alla­habad High Court rejects Ashish Mishra’s bail plea in Lakhim­purkheri mas­sacre case

You may also like this video;

Exit mobile version