Site iconSite icon Janayugom Online

ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം; അഖിൽ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍

allegationallegation

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെയുള്ള ആരോപണത്തില്‍ മലക്കംമറിഞ്ഞ് പരാതിക്കാരന്‍. അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് മലപ്പുറം സ്വദേശി ഹരിദാസൻ പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹരിദാസന്റെ കുറ്റസമ്മതം. ബാസിത് നിർദേശിച്ചതനുസരിച്ചാണ് താൻ അഖിൽ മാത്യുവിന്റെ പേര് പറഞ്ഞതെന്നും ഹരിദാസൻ പൊലീസിനോട് സമ്മതിച്ചു. 

ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന് കീഴടങ്ങേണ്ടിവന്നത്. പണം നൽകിയത് ആർക്കെന്നും എവിടെ വച്ചെന്നും തനിക്ക് ഓർമ്മയില്ലെന്നായിരുന്നു ഇന്നലെ രാവിലെ മുതൽ ഹരിദാസൻ ആവർത്തിച്ചത്.
സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന് മുന്നിൽ വച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസൻ ആദ്യം ആരോപിച്ചത്. പിന്നീട് സെക്രട്ടേറിയറ്റിന് സമീപത്തെ വഴിയിൽ വച്ചാണെന്ന് പറഞ്ഞു. ഇതെല്ലാം പൊളിഞ്ഞതോടെയാണ് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന്‍ സമ്മതിച്ചത്. 

രാവിലെ ഒമ്പത് മണിയോടെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയ ഹരിദാസനെ ഡിസിപി പി നിധിൻരാജിന്റെയും അസി. പൊലീസ് കമ്മിഷണർ സ്റ്റുവർട്ട് കീലറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബാസിത് ഇന്നലെയും ഹാജരായില്ല. ബാസിതിനും കേസിൽ പങ്കുണ്ടെന്ന മൊഴിയാണ് ഒന്നാം പ്രതി അഖിൽ സജീവ് നൽകിയിരിക്കുന്നത്.
അതേസമയം മൂന്നാം പ്രതി റയീസിന്റെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇതിൽ ‘അഖിലിനെ എടുക്കണം’ എന്ന് രണ്ടാം പ്രതി ലെനിൻ റയീസിനോട് പറയുന്നുണ്ട്. ലെനിൻരാജ്, അഖിൽ സജീവ്, ബാസിത്, റയീസ് എന്നിവർ മേയ് മാസം മുതൽ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Alle­ga­tion against the Office of the Min­is­ter of Health; Com­plainant that Akhil Math­ew was not paid

You may also like this video

Exit mobile version