Site iconSite icon Janayugom Online

മതപരിവര്‍ത്തന ആരോപണം: മലയാളി വൈദികന് ജാമ്യം

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. മലയാളി വൈദികന്‍ ഗോഡ്‌വിനാണ് ജാമ്യം ലഭിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് സിഎസ്‌ഐ വൈദികനായ ഗോഡ്‌വിനെ അറസ്റ്റ് ചെയ്തത്. മലയിന്‍കീഴ് സ്വദേശിയായ വൈദികനെ രത്‌ലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് കേസ് ഡയറി ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേസ് ഇന്നലെ പരിഗണിക്കുന്നതിന് വേണ്ടി മാറ്റിയിരിക്കുകയായിരുന്നു. 25 വര്‍ഷമായി മധ്യപ്രദേശിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വൈദികനായി പ്രവര്‍ത്തിക്കുകയായിരുന്നു ഗോഡ്‌വിന്‍. അറസ്റ്റിനെതിരെ സിഎസ്‌ഐ സഭ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്ക്കുകയും ചെയ്തിരുന്നു. ഫാദര്‍ ഗോഡ്‌വിനെതിരെ ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ നടപടിയില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യർത്ഥിച്ചു. അദ്ദേഹം ഒരു തരത്തിലുള്ള പീഡനത്തിനും വിധേയനാകുന്നില്ലെന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ വ്യക്തിപരമായി പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാദര്‍ ഗോഡ്‌വിന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. 

Exit mobile version