അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഉക്രെയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് രാജിവച്ചു. അഴിമതി വിരുദ്ധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. റഷ്യയുമായും അമേരിക്കയുമായും നടന്ന സമാധാന ചർച്ചകളിൽ ഉക്രെയ്‌നിന്റെ മുഖ്യ പ്രതിനിധിയാണ് യെര്‍മാക്. വർഷങ്ങളായി സെലന്‍സ്കിയുടെ അടുത്ത വിശ്വസ്തന്‍ കൂടിയാണ്. ദേശീയ അഴിമതി വിരുദ്ധ ബ്യൂറോയും പ്രത്യേക അഴിമതി വിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫിസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഉന്നത ഉക്രെയ്നിയൻ ഉദ്യോഗസ്ഥർ ഉൾപ്പെട്ട, സ്റ്റേറ്റ് ആറ്റോമിക് എനർജി കമ്പനിയിൽ നടന്ന 100 മില്യൺ ഡോളറിന്റെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സെലൻസ്‌കിയുടെ മുന്‍ ബിസിനസ് പങ്കാളിയായിരുന്ന ടൈമൂർ മിൻഡിച്ച് ആണ് ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. മിൻഡിച്ച് രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.
അഴിമതി ആരോപണം; ആൻഡ്രി യെർമാക് രാജിവച്ചു

