Site iconSite icon Janayugom Online

ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ആര്‍എസ്എസ്-സിപിഐ(എം) ബന്ധം ആരോപിച്ചുവെന്നുള്ളത് വാസ്തവ വിരുദ്ധം: സിപിഐ

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വന്‍ പ്രതിഷേധം ഉണ്ടായെന്നുംആര്‍എസ്എസ്-സിപിഐ(എം) ബന്ധം ആരോപിച്ചുവെന്നുമുള്ള രീതിയില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് സിപിഐ. അങ്ങനെയൊരു ചര്‍ച്ച സിപിഐ ജില്ലാ കൗണ്‍സിലില്‍ ഉണ്ടായിട്ടില്ല. പൂരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ നിലപാട് ആ ഘട്ടത്തില്‍ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് നടന്ന പൂരത്തെ രാഷ്ട്രീയ താത്പര്യത്തിന് പ്രയോജനപ്പെടുത്തുക എന്ന അജണ്ട സംഘപരിവാരങ്ങള്‍ക്കുണ്ടായിരുന്നു എന്നത് പൂരം വിഷയം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. തൃശൂര്‍ പൂരം സുഗമമായി നടത്തുന്നതിന് സിപിഐയും അതിന്റെ ജനപ്രതിനിധികളും എല്ലാകാലത്തും ദേവസ്വങ്ങള്‍ക്കൊപ്പം ഒത്തൊരുമിച്ച് നിന്നതാണ് അനുഭവം.

പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പൂരം ചടങ്ങുമാത്രമായി മാറ്റിയതും വെടിക്കെട്ട് നടത്താതിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിസന്ധി സൃഷ്ടിച്ചതും അതേ തുടര്‍ന്ന് നിയമവിരുദ്ധമായി ഒരു ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി ദേവസ്വംഓഫീസില്‍ എത്തിയതും പൊലീസിന്റെ അനാവശ്യ ഇടപെടലുകളുമെല്ലാം ഗുഢാലോചന നടന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അതുതന്നെയായിരുന്നു എല്‍ഡിഎഫിന്റെയും നിലപാട്. കമ്മീഷണറെ മാറ്റിയതും അന്വേഷണത്തിന് ഉത്തരവിട്ടതും ഇതിനെ തുടര്‍ന്നാണ്. പൂരം പ്രതിസന്ധിയെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എല്‍ഡിഎഫ്‌വിരുദ്ധ‑സര്‍ക്കാര്‍വിരുദ്ധ പ്രചാരണം നടത്തി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയെ രക്ഷകനായി അവതരിപ്പിക്കാനും ശ്രമംനടന്നു. സംഘപരിവാര്‍-പൊലീസ് ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നത് ഈ ഘട്ടത്തിലാണ്. എന്നാല്‍, പ്രതിസന്ധികള്‍ പരിഹരിച്ച് വെടിക്കെട്ടും പൂരത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ റവന്യൂ മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും ഒത്തൊരുമിച്ച് നിന്നു.
എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന കുറിപ്പോടെ ഡിജിപിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത വാസ്തവമാണെങ്കില്‍, ഇക്കാര്യത്തില്‍ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തിഅടിയന്തരമായി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരണമെന്നതാണ് സിപിഐ നിലപാട്. 

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പു തന്നെ ആര്‍എസ്എസ്-സിപിഐ(എം) ഗൂഢാലോചന എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെ ആക്ഷേപം ഉന്നയിക്കാനാണ് കോണ്‍ഗ്രസ്സും യുഡിഎഫും ശ്രമിക്കുന്നത്. സിപിഐയും ഈ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് മാധ്യമങ്ങളുടെ ഇപ്പോഴത്തെ ശ്രമം. സിപിഐ, സിപിഐ(എം) ഭിന്നത എന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമങ്ങളുടെ വിലകുറഞ്ഞ കള്ളക്കഥകള്‍ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

Exit mobile version