Site iconSite icon Janayugom Online

വോട്ട് മോഷണ ആരോപണം; സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടിക നീക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ മറച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബംഗളൂരിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന വോട്ട് അധികാര്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയാണ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരോപണം നിഷേധിച്ചു. അതേസമയം ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ വെബ്സൈറ്റുകളില്‍ നിന്ന് വോട്ടര്‍ പട്ടിക നീക്കം ചെയ്തതായി നിരവധി സമൂഹമാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.
വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടും ഇരട്ട വോട്ടുകള്‍ ഉള്‍പ്പെടെ വോട്ടർ പട്ടികയിലെ അപാകതകളെക്കുറിച്ച് വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ 99 കോടി വോട്ടർമാരുടെ മുഴുവൻ ഡാറ്റാബേസും പരിശോധിച്ച് ഇരട്ട എപിക് നമ്പറുകളുടെ പ്രശ്നം പരിഹരിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേയില്‍ അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം സത്യവാങ്മൂലം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ആരോപണങ്ങളിലും കണ്ടെത്തലുകളിലും അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു. , 

ബിജെപി ജനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് ഫലം കവര്‍ന്നെടുക്കുകയായിരുന്നുവെന്ന് വോട്ട് അധികാര്‍ റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. തന്നോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെടുകയും വോട്ട് മോഷണത്തിന്റെ വിവരങ്ങള്‍ സത്യപ്രതി‍ജ്ഞ ചെയ്ത് ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. താന്‍ പാര്‍ലമെന്റിനുള്ളില്‍ ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
ആയിരക്കണക്കിന് വ്യാജന്മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും സത്യം പുറത്തുകൊണ്ടുവരികയും വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക്സ് ഡാറ്റ ലഭിച്ചാല്‍ വോട്ടില്‍ കൃത്രിമം നടത്തിയാണ് മോഡി പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിവിധ മണ്ഡലങ്ങളില്‍ നിന്നുമുള്ള പേപ്പര്‍ രൂപേണയുള്ള വോട്ടര്‍ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും ഇലക്ട്രോണിക് ഡാറ്റ നിഷേധിച്ചാല്‍, അവ സ്വമേധയാ പുറത്തുവിടുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version