2017 ജൂണില്‍ നടന്ന ഇന്ത്യ‑പാക് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 17 മുസ്ലിങ്ങളെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരനെയും സാക്ഷികളെയും വ്യാജമൊഴി നല്‍കാന്‍ പൊലീസ് പ്രേരിപ്പിച്ചുവെന്നും മധ്യപ്രദേശ് കോടതി കണ്ടെത്തി. എന്നാല്‍ വ്യാജകേസ് രജിസ്റ്റര്‍ ചെയ്തതിന് പൊലീസിനെതിരെ നടപടിയെടുക്കാന്‍ കോടതി തയ്യാറായില്ല.
2017 ജൂണ്‍ 18നാണ് സംഭവം. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മത്സരമായിരുന്നു. പാകിസ്ഥാനാണ് വിജയിച്ചത്. അതേദിവസം മൊഹദ് ഗ്രാമത്തിലെ മുസ്ലിം വിഭാഗത്തിലുള്ളവര്‍ പരസ്പരം മധുരം നല്‍കി വിജയം ആഘോഷിച്ചുവെന്നാണ് പരാതി. മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയിലാണ് മൊഹദ് ഗ്രാമം. ദളിത്, ബില്‍ ഗോത്രവര്‍ഗക്കാര്‍, മുസ്ലിം വിഭാഗത്തിലേക്ക് മതം മാറ്റം നടത്തിയ ബില്‍ വിഭാഗത്തിന്റെ ഉപവിഭാഗമായ തദ്‌വി ബില്‍ മുസ്ലിങ്ങള്‍ എന്നിവരാണ് പ്രദേശത്ത് താമസിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് 17 പേര്‍ക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് രാജ്യദ്രോഹം, വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
പൊലീസ് രേഖകള്‍ പ്രകാരം സുഭാഷ് കോലിയെന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റൊരു കാര്യത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നുവെന്ന് ഇയാള്‍ പിന്നീട് പറഞ്ഞിരുന്നു. അതേസമയം നിരപരാധികളെ ആറ് വര്‍ഷത്തിലധികം ജയിലിടച്ച വിധിക്കെതിരെ നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ കോടതി തയ്യാറായില്ല. ഈ സംഭവത്തിന് ശേഷം മൊഹദ് ഗ്രാമത്തിലുള്ളവരായും ക്രിക്കറ്റ് കാണാറില്ല.
English Summary: Allegation that Pakistan celebrated victory; The 17 arrested Muslims were released after six years
You may also like this video