Site iconSite icon Janayugom Online

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപം

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി എന്നിവയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾ സംഘടന ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പിൽ നടപടി ക്രമങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപവുമായി കോഴിക്കോട് കിണാശേരി സ്വദേശിയായ ഷഹബാസ് രംഗത്ത്. തെരഞ്ഞെടുപ്പ് നടപടികൾക്കെതിരെ ഷഹബാസ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിച്ചു.

പരാതി ഫയലിൽ സ്വീകരിച്ച കോടതി ദേശീയ കമ്മിറ്റിയ്ക്കും സംസ്ഥാന‑ജില്ലാ കമ്മിറ്റികൾക്കും അടിയന്തര നോട്ടീസ് നൽകാൻ ഉത്തരവായി. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് കോടതി കേസ് 20ലേക്ക് മാറ്റിയിരിക്കുകയാണ്. സംഘടനയുടെ ഭരണഘടന പ്രകാരം ആദ്യം മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പതിനൊന്നിൽ കൂടാത്ത അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതും അതിന് ശേഷം മണ്ഡലത്തിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി രൂപീകരിക്കേണ്ടതുമാണെന്ന് ഷഹബാസ് പറഞ്ഞു. തുടർന്ന് ജില്ലാ കമ്മിറ്റിയിലെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന കമ്മിറ്റി രൂപീകരിക്കണം. എന്നാൽ ഇതിന് വിരുദ്ധമായി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, അസംബ്ലി കാൻഡിഡേറ്റ്, മണ്ഡലം കാൻഡിഡേറ്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോൾ ഒരുമിച്ച് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇലക്ട്രോണിക് തിരിച്ചറിയൽ രേഖ പോലും ആധികാരിക രേഖയായി സ്വീകരിക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും ഒരു വിഭാഗം അംഗങ്ങളുടെ മെമ്പർഷിപ്പ് അപേക്ഷ നിരസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ബോധപൂർവം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. തെരഞ്ഞെടുപ്പിനെതിരെയുള്ള പരാതികൾ ബോധിപ്പിക്കാൻ ഭീമമായ സംഖ്യ ഫീസായി നൽകാതെ നിർവാഹമില്ല. ഇതുമൂലം പ്രവർത്തകർക്ക് പരാതി ഉണ്ടെങ്കിലും അത് ഉന്നയിക്കുവാൻ വേദിയില്ല. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നും ഷഹബാസ് വ്യക്തമാക്കി.

Eng­lish Sam­mury: Alle­ga­tion that Youth Con­gress elec­tion is unconstitutional

Exit mobile version