Site iconSite icon Janayugom Online

ഹരിയാന വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം: രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ഹരിയാന വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ആരോപണത്തില്‍ രേഖാമൂലം പരാതി നല്‍കണം എന്നാവശ്യപ്പെട്ട് ഹരിയാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് കത്ത് നല്‍കിയത് . ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 25 ലക്ഷം വോട്ടുകളാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ കൂട്ട് കച്ചവടത്തിലൂടെ ബിജെപി കൊള്ളയടിച്ചതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം.

ആകെ കൊള്ളയടിച്ച വോട്ട് 25,41,144 വോട്ടുകളാണ്. 5,21,619 ഇരട്ട വോട്ടുകളും 93,174 അസാധു വോട്ടുകളുമാണ്. തെറ്റായ വിലാസത്തിലുള്ള വോട്ടുകള്‍ 91,174 ആണ്. ഒരു വോട്ടർ ഐഡിയിൽ ഒരു മണ്ഡലത്തിൽ ഒരാൾക്ക് 100 വോട്ട്. 100 ഐഡി കാർഡിൽ ഒരേ ഫോട്ടോയെന്ന് അദ്ദേഹം തെളിവുകള്‍ പുറത്തുവിട്ടു കൊണ്ട് പറഞ്ഞു. ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഹരിയാനയിൽ സമാനമായ നൂറുകണക്കിന് ക്രമക്കേടുകൾ നടന്നു. ഒരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുണ്ട്. പേരും വയസ്സും വിലാസവും എല്ലാം വേറെ വേറെ. നിരവധി വോട്ടർമരുടെ ഫോട്ടോകൾ വ്യക്തമല്ല. വ്യക്തമല്ലാത്ത ഫോട്ടോ ഉപയോഗിക്കുന്നത് വോട്ട് തട്ടിപ്പിന്റെ മറ്റൊരു രീതിയാണ്. നൂറുകണക്കിന് ബിജെപി നേതാക്കൾ ഹരിയാനയിലും യുപിയിലും വോട്ട് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version