ശബരിമല പ്രസാദം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന ആരോപണം തീർത്ഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപ്പം – അരവണ വിതരണം അട്ടിമറിക്കാനും ദേവസ്വം ബോർഡിന് വൻ നഷ്ടം ഉണ്ടാക്കാനാണ് ശ്രമമെന്നും ബോർഡ് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
അപ്പം – അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടന്നും ഇത് ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് എറണാകുളം പനമ്പള്ളി നഗർ സ്വദേശി എസ്ജെആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പിജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. പ്രസാദം നിർമാണത്തിന് 2020–21 കാലയളവിലെ ശർക്കരയാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനു കീഴിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും ഗുണനിലവാരം പരിശോധിച്ചതിനു ശേഷമേ സന്നിധാനത്തേക്ക് അയയ്ക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
2019 ‑20 ൽ മഹാരാഷടയിലെ വർധൻ അഗ്രോ പ്രോസസിംഗ് കമ്പനിയാണ് ശർക്കര വിതരണം ചെയ്തത്. ഇവർ എത്തിച്ച ചില പാക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ കണ്ടതിനെത്തുടർന്ന് അന്വേഷണം നടത്തിയെന്നും തങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സർട്ടിഫിക്കേഷൻ എടുത്തതെന്ന് കമ്പനി അറിയിച്ചുവെന്നും ബോർഡ് വ്യക്തമാക്കി.
വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്ടലാക്കോടെയുള്ളതാണന്നും വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടന്നും ബോർഡ് ബോധിപ്പിച്ചു. കോവിഡ് കാരണം 2019–20 കാലഘട്ടത്തിലെ 3 ലക്ഷത്തോളം കിലോ ശർക്കര ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അത് ലേലം ചെയ്തെന്നും സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. ഹർജിക്കാരന് എതിർപ്പുണ്ടെങ്കിൽ അറിയിക്കാമെന്ന് കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
അതിനിടെ, അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു. അരവണ പ്രസാദത്തിനെതിരെ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ENGLISH SUMMARY:Alleged halal jaggery; The Devaswom Board has said that the aim is to disrupt the pilgrimage
You may also like this video