Site icon Janayugom Online

ആരോപണവിധേയന്‍ ദേശീയ സെക്രട്ടറി: ലീഗില്‍ പടയൊരുക്കം

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ സഹപ്രവർത്തകയുടെ പരാതിയിൽ നടപടി നേരിട്ട സി കെ സുബൈറിനെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെര‍ഞ്ഞെടുത്തതിൽ പാർട്ടിയിൽ പ്രതിഷേധം ശക്തമാകുന്നു. 2021 ൽ ഡൽഹിയിൽ വിദ്യാർത്ഥിനിയായ സഹപ്രവർത്തകയോട് സുബൈർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതോടെയായിരുന്നു സുബൈർ രാജിവച്ചത്.
കത്വ ഉന്നാവോ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ടും സുബൈറിനെതിരെ ആരോപണം ഉയ‍ർന്നിരുന്നു. കത്വ, ഉന്നാവോ സംഭവങ്ങളിലെ ഇരകൾക്കും കുടുംബത്തിനുമെന്ന പേരിൽ യൂത്ത് ലീഗ് സമാഹരിച്ച ലക്ഷങ്ങളുടെ ഫണ്ട് മുക്കിയെന്നായിരുന്നു പരാതി ഉയർന്നിരുന്നത്. ധനസമാഹരണത്തിൽ അട്ടിമറി നടന്നുവെന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ഇരകൾക്ക് നൽകാതെ സി കെ സുബൈറും പി കെ ഫിറോസും ഉൾപ്പെടെയുള്ള നേതാക്കൾ കൈക്കലാക്കിയെന്നും കാണിച്ച് യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമായിരുന്നു ആരോപണം ഉന്നയിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുബൈറിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
2018 ഏപ്രിലിൽ വെള്ളിയാഴ്ച പള്ളികളിൽ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെയും വിദേശനാടുകളിൽ നിന്നടക്കം പണപ്പിരിവ് നടത്തിയ ഒരു കോടിയോളം രൂപ സമാഹരിച്ചുവെന്നായിരുന്നു പരാതി ഉയർന്നത്. എന്നാൽ ഇത് സംബന്ധിച്ച കണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ യൂത്ത് ലീഗ് നേതൃത്വം തയാറായില്ല. സംഭവം വിവാദമായതോടെ 48 ലക്ഷം രൂപ സമാഹരിച്ചതായി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു ഉണ്ടായത്. പി കെ ഫിറോസ് നയിച്ച യുവജന യാത്രയുടെ കടം തീർക്കാൻ 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്ന് വകമാറ്റിയതായും ആരോപണം ഉയർന്നിരുന്നു. ഇത്ര വലിയ പരാതി ഉയർന്നിട്ടും അന്ന് പാർട്ടി കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ല. പെൺകുട്ടിയുടെ പരാതിയിൽ മാറ്റി നിർത്തപ്പെട്ട നേതാവിന് ലീഗിൽ ഉന്നത സ്ഥാനം നൽകുകയാണ് ഇപ്പോൾ ഉണ്ടായത്. സ്ത്രീകളുടെ പരാതികൾക്ക് വില കല്പിക്കാത്ത നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടി പ്രവർത്തകർ വ്യക്തമാക്കുന്നത്.
എംഎസ്എഫിന്റെ സംസ്ഥാന തലത്തിലുള്ള ഘടകങ്ങളിലൊന്നം പ്രവർത്തിക്കാത്ത ഒരാളെ എംഎസ്എഫിന്റെ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്തിയതിലും പ്രതിഷേധം ഉയരുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ കാസിം എനോളിയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന കാസിം എങ്ങനെ എംഎസ്എഫ് സംഘടനാ പ്രവർത്തകനാവുമെന്നാണ് ചോദ്യം ഉയരുന്നത്. 

Eng­lish Sum­ma­ry: Alleged Nation­al Sec­re­tary: League preparedness

You may like this video also

Exit mobile version