കേരളത്തിൽ കോൺഗ്രസിന്റെയും ബിജെപി യുടെയും മുഖ്യശത്രു ഇടതുപക്ഷമായതിനാൽ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ പഴയ കോലീബി സഖ്യത്തിന്റെ ആവർത്തനത്തിന് സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. വിചിത്രമായ കോൺഗ്രസാണ് കേരളത്തിലേത്. അന്ധമായ എൽഡിഎഫ് വിരോധമാണ് ഇവർ പ്രകടിപ്പിക്കുന്നത്. അതിനാൽ ബിജെപിയുമായി കൈകോർക്കുന്നതിന് കോൺഗ്രസിന് യാതൊരു മടിയുമില്ല. നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് പോകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനത്ത ചൂടുള്ള കാലാവസ്ഥയില്‍ ജനം കെടുതിയിലാണ്. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ പരസ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനെപ്പറ്റി തെരഞ്ഞടുപ്പ് കമ്മീഷൻ ആലോചിക്കണം. അതിനായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വെള്ളിയാഴ്ച ദിവസം പോളിങ് നടത്തുന്നത് മൂലം ഗണ്യമായ ഒരു വിഭാഗം വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം അഭിപ്രായമുയർന്ന് കഴിഞ്ഞിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേട്ട് സ്വീകാര്യമായ പോംവഴിയെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ ചിന്തിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
English Summary: alliance likely to repeat: Binoy Vishwam
You may also like this video