Site iconSite icon Janayugom Online

സഖ്യകക്ഷിയും കൈവിട്ടു ഇമ്രാന്‍ ഖാന്‍ പുറത്തേക്ക്

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചചെയ്യാനിരിക്കെ ഭരണകക്ഷിക്കൊപ്പമുണ്ടായിരുന്ന മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എംക്യൂഎംപി) പിന്തുണ പിന്‍വലിച്ചു.

ഏഴ് അംഗങ്ങളുള്ള എംക്യൂഎംപി സഖ്യം വിട്ടതോടെ ഇമ്രാന്‍ ഖാനൊടൊപ്പം 164 പേർ മാത്രമായി. പ്രതിപക്ഷത്തിനൊപ്പം 177 പേർ ഉണ്ടെന്നാണ് നിലവിലെ കണക്ക്. 342 അംഗ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 172 പേരുടെ പിന്തുണയാണ് ആവശ്യം.

അവിശ്വാസ പ്രമേയത്തിന് മുന്‍പ് ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി വക്താവ് ഇക്കാര്യം നിരസിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് റദ്ദാക്കി.

പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ്, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ, സഹ ചെയർമാൻ ആസിഫ് അലി സർദാരി എന്നിവരുടെ സംയുക്തനീക്കത്തിലാണ് ഇമ്രാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരിക്കുന്നത്. സൈന്യത്തിന്റെ പിന്തുണയും ഇമ്രാന്‍ ഖാന് നഷ്ടമായിരുന്നു. പിഎംഎല്‍-എന്‍ നേതാവ് ഷഹബാസ് ഷെരീഫ് അടുത്ത പ്രധാനമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാകിസ്ഥാന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം തികച്ച് ഭരിച്ചിട്ടില്ല. അതേസമയം, അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രിയെ നീക്കം ചെയ്തിട്ടുമില്ല.

Eng­lish Sum­ma­ry: Allies with­draws sup­port; Imran Khan to out

You may like this video also

Exit mobile version