Site iconSite icon Janayugom Online

ആകര്‍ പട്ടേലിനെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ആംനെസ്റ്റി ഇന്ത്യ മുന്‍ മേധാവി ആകര്‍ പട്ടേലിനെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് ആംനെസ്റ്റി ഇന്ത്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എഫ്സിആര്‍എ സെക്ഷന്‍ 40 പ്രകാരമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയെ വിചാരണ ചെയ്യാന്‍ സിബിഐ അനുമതി തേടിയിട്ടുള്ളത്. ഈ സെക്ഷന്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ ഇതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെയോ അനുമതി ഇല്ലാതെ കോടതികള്‍ക്ക് വിചാരണ ആരംഭിക്കാന്‍ കഴിയില്ല.

യുഎസിലേക്ക് യാത്ര തിരിച്ച ആകറിനെ ഈ മാസം ആറിന് ബംഗളുരു വിമാനത്താവളത്തില്‍ വച്ച് തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ 48 മണിക്കൂര്‍ നേരത്തെ നാടകീയ രംഗങ്ങള്‍ക്കു ശേഷമാണ് ആകറിനെതിരെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

സിബിഐയുടെ ലുക്കൗട്ട് നോട്ടീസ് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് ആകറിനെ വിമാനത്താവളത്തില്‍ തടഞ്ഞത്. ഇതിനെതിരെ ആകര്‍ നല്‍കിയ ഹര്‍ജിയില്‍ ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും സിബിഐ അദ്ദേഹത്തിന് മാപ്പ് എഴുതി നല്‍കണമെന്നും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ സിബിഐയുടെ ഹര്‍ജിയിന്മേല്‍ മാപ്പ് പറയണമെന്ന ഉത്തരവ് ഡല്‍ഹി കോടതി സ്റ്റേ ചെയ്തു. സ്പെഷ്യല്‍ ജ‍ഡ്ജി സന്തോഷ് സ്നേഹി മന്നിന്റേതായിരുന്നു നടപടി. അതേസമയം ഇന്നലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പൂര്‍ണമായി സ്റ്റേ ചെയ്ത കോടതി, ഹര്‍ജിയില്‍ ഇന്ന് വിധി പറയും.

Eng­lish sum­ma­ry; allow CBI To Pros­e­cute For­mer Amnesty India Chief Aakar Patel

You may also like this video;

Exit mobile version