Site iconSite icon Janayugom Online

ആലുവാ കൊ ലപാതകം; 43 സാക്ഷികൾ, 95 രേഖകൾ, 10 തൊണ്ടിമുതൽ

ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേ­സിൽ പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോ­­ടതിയിലാണ് അതിവേഗം നടപടികൾ പുരോഗമിക്കുന്നത്. അഞ്ചുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും ജ്യൂസ് വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. 

കഴിഞ്ഞ ജൂലൈയില്‍ കു­ട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തിൽവച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 28ന് പ്രതി കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതുമുതൽ ആലുവ മാർക്കറ്റിലെത്തിക്കുന്നതുവരെ നേരിൽ കണ്ട സാക്ഷികളെ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങൾ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറൻസിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു. 

കുട്ടിയുടെ രക്തം പ്രതിയുടെ വസ്ത്രത്തിലുണ്ടായിരുന്നുവെന്നും തെളിഞ്ഞിരുന്നു. കുട്ടിയുടെ ആന്തരികാവയവ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രതി അസ്‌ഫാക് സമാനമായ കുറ്റകൃത്യം ഡല്‍ഹിയിൽ ചെയ്തതിന്റെ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഇയാൾക്കെതിരേ ഡല്‍ഹിയിൽ പോക്സോ കേസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2018ൽ ഗാസിപൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് 10 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതിക്ക് മലയാളമറിയാത്തതിനാൽ പരിഭാഷകയുടെ സേവനം ലഭ്യമാക്കിയിരുന്നു. കേസിൽ പ്രതിഭാഗം വാദവും അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. കുറ്റകൃത്യം നടന്ന് 35 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 83 ദിവസത്തിനകം പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കാനും കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ആണ് ഹാജരായത്. 

Eng­lish Sum­ma­ry: Alua mur­der; 43 Wit­ness­es, 95 Doc­u­ments, 10 Shreds

You may also like this video

Exit mobile version