Site iconSite icon Janayugom Online

ആളൂര്‍ പ്രഭാകരന്‍; സൗമ്യവും ദീപ്തവുമായ സമരകവിത

പ്രഗത്ഭനായ കവി, മികച്ച പ്രഭാഷകന്‍, നല്ല സംഘാടകന്‍, കഴിവുള്ള പത്രപ്രവര്‍ത്തകന്‍, സര്‍വോപരി കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ഇങ്ങനെ ബഹുമുഖ പ്രതിഭാമണ്ഡലങ്ങളില്‍ ആറുപതിറ്റാണ്ടു നിറഞ്ഞുനിന്ന കര്‍മ്മനിരതമായ ഒരു ജീവിതത്തിനാണ് തിരശീല വീണത്. നിഷ്കളങ്കമായ നര്‍മ്മഭാഷണങ്ങളും സൗമ്യവും പ്രസാദപൂര്‍ണവുമായ ഇടപെടലുകളും കൊണ്ട് ഒരിക്കല്‍ പരിചയപ്പെട്ടവരെ എന്നെന്നേക്കുമായി കീഴ്‌പ്പെടുത്തുന്ന സ്നേഹമായിരുന്നു ആളൂര്‍ പ്രഭാകരന്‍. ഒരു നല്ല കമ്മ്യൂണിസ്റ്റ് ജീവിതത്തിന് ഉത്തമ മാതൃകയായി, എന്നാല്‍ ഒരവകാശവാദവുമില്ലാത്ത ലാളിത്യപൂര്‍ണമായൊരു വ്യക്തിത്വം. സിപിഐയുടെ പല പദവികളില്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തൊട്ട് ആളൂര്‍ പ്രവര്‍ത്തിച്ചു. യുവകലാസാഹിതിയുടെയും ഇപ്റ്റയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. ‘നവജീവനി‘ലും, ‘ജനയുഗ’ത്തിലും പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ചശേഷം ദീര്‍ഘകാലം ജനയുഗത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്നു. മലപ്പുറം പ്രസ് ക്ലബ്ബ് രൂപീകരണത്തിനു മുന്‍കയ്യെടുത്തത് ആളൂരാണ്. മേല്പത്തൂരിന്റെ ജന്മനാടായ കുറുമ്പത്തൂരില്‍ മേല്പത്തൂരിന് സ്മാരകമുണ്ടാക്കാന്‍ നേതൃത്വം വഹിക്കുകയും ദീര്‍ഘകാലം മേല്പത്തൂര്‍ സ്മാരക കമ്മിറ്റി സെക്രട്ടറിയായിരിക്കുകയും ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം, ലൈബ്രറി കൗണ്‍സില്‍ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ തുടങ്ങി പല പദവികളിലും സര്‍വാദരണീയമായ നിലയില്‍ ആളൂര്‍ പ്രഭാകരന്‍ നിസ്വാര്‍ത്ഥസേവനമനുഷ്ഠിച്ചു. എന്നാല്‍ അതിലൊക്കെ ഉപരിയായി ഒരു മികച്ച കവി എന്ന നിലയിലുള്ള ആളൂരിന്റെ സ്ഥാനമാണ് അര്‍ഹമായ വിധത്തില്‍ മനസിലാക്കപ്പെടാതെ പോയത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും മനുഷ്യപക്ഷ പ്രത്യാശയുടെ കവിയായിരുന്നു ആളൂര്‍. ആളൂര്‍ പ്രഭാകരന്റെ പിതാവ് പൂളക്കത്തൊടി ശങ്കുണ്ണിനായര്‍ പ്രഗത്ഭനായ കവിയും സംസ്കൃത പണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. കാഴ്ചക്കുറവുകാരണം അച്ഛന്‍ പ്രഭാകരനെക്കൊണ്ടാണ് കവിത പകര്‍ത്തിയെഴുതിച്ചുകൊണ്ടിരുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ സ്വന്തമായി കവിതയെഴുതുവാന്‍ പ്രഭാകരന് പ്രചോദനമായത് ഈ പശ്ചാത്തലമാണ്. അക്കാലത്ത് തന്നെ മാതൃഭൂമി ബാലപംക്തിയില്‍ ആളൂര്‍ പ്രഭാകരന്റെ കവിതകള്‍ അച്ചടിച്ചുവന്നു. കെ എ കേരളീയന്‍ പത്രാധിപത്യം വഹിച്ചിരുന്ന ‘കൃഷിക്കാര’നിലും ‘നവയുഗ’ത്തിലും ‘ജനയുഗ’ത്തിലും നവജീവനിലുമൊക്കെ ആളൂര്‍ കവിതകളെഴുതിയിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനവും കവിതയും ഒരുമിച്ചു കൊണ്ടുപോവുക എന്നത് ദുഷ്കരമായ പ്രവൃത്തിയാണ്. ആളൂര്‍ പ്രഭാകരന്‍ പക്ഷേ അത് രണ്ടും സംഘര്‍ഷങ്ങളില്ലാതെ കൊണ്ടുനടന്നു. അതിനു പ്രധാന കാരണം, രാഷ്ട്രീയത്തിലുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ആളൂര്‍, കവിതയിലും കാത്തുസൂക്ഷിച്ചു എന്നതാണ്. അധ്വാനിച്ചു ജീവിക്കുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിത ദുഃസ്ഥിതി മാറ്റിത്തീര്‍ത്ത് അവരെ സംഘടിത മുന്നേറ്റത്തിന്റെ പാതയില്‍ രാഷ്ട്രീയമായി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു ആളൂര്‍ പ്രഭാകരന്റെ ആദ്യകാല കവിതയെഴുത്ത്. അദ്ദേഹം അക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവാണ്. ‘ആ നാളെ’ എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം: “പാവങ്ങളേ, പരിഭവമുള്ളോരെല്ലാമൊത്തു ചേരു വരുമൊരു സുപ്രഭാതമടുത്തുതന്നെ അന്നു നമ്മള്‍ വയര്‍ നിറച്ചുണ്ണു,മന്നു തിരുവോണം അന്നു കേള്‍ക്കാമരിവാളിന്‍ ചുണ്ടിലെഗാനം! അന്നു നമ്മളൊന്നു ചേര്‍ന്നു പാടിയാടുമാഹ്ലാദത്തില്‍ അന്നു പൂക്കും പുലരിതന്‍ കവിളില്‍ പൂക്കള്‍” ആദ്യകാല കവിതകളിലെല്ലാം ഈ വിധത്തില്‍ വിപ്ലവത്തിന്റെ സനാതന സത്യം വിളംബരം ചെയ്യാന്‍ വേണ്ടി നൂറുനൂറു യുഗങ്ങളില്‍ക്കൂടി തളരാതെ പോരാടിക്കയറിവന്ന മനുഷ്യവര്‍ഗ മുന്നേറ്റങ്ങളുടെ ക്രിയാശേഷിയും സംഘബലവും അതിജീവിന ശക്തിയും പ്രത്യാശയും നിറഞ്ഞുനില്ക്കുന്നുണ്ട്. പഴയ ഭാരതപ്പുഴ, ഒരു ദുഃഖഗീതം എന്നീ കവിതകളില്‍ തന്റെ സംസ്കൃതിയുടെ അടിസ്ഥാന ജീവനധാരയായ ഭാരതപ്പുഴയുടെ സൗന്ദര്യ വിസ്മയവും പരിസ്ഥിതി നാശവും ആളൂര്‍ ആഴത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആളൂര്‍ പ്രഭാകരന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. അക്കാലത്തെഴുതിയ കവിതയാണ് ‘ചുടല ഭദ്രകാളി’. നാട്ടുപുരാവൃത്തങ്ങളും നാടോടിമിത്തുകളും പറയുന്ന ഈ കവിതയിലെ ‘ചുടലഭദ്രകാളി‘യുടെ സൂചന, ഇന്നു വായിക്കുമ്പോള്‍ നമുക്ക് വ്യക്തമായി മനസിലാവും. 1978 ല്‍ ആളൂര്‍ പ്രഭാകരന്‍ യുവകലാസാഹിതിയുടെ ഭാരവാഹിയായിരുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെട്ടത്. ആ വര്‍ഷം യുവകലാസാഹിതി സംസ്ഥാനടിസ്ഥാനത്തില്‍ നടത്തിയ കവിതാമത്സരത്തില്‍ ഒന്നാം സ്ഥാനം എനിക്കായിരുന്നു. ആ വിവരം ഒരു പോസ്റ്റുകാര്‍ഡില്‍ ആളൂര്‍ പ്രഭാകരനാണ് എന്നെ എഴുതി അറിയിച്ചത്. അന്നു മുതലിന്നോളം കാവ്യരംഗത്തും സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ആളൂര്‍ പ്രഭാകരന്‍ മുന്നിലുണ്ട്. ആ വെളിച്ചമാണ് പൊലിഞ്ഞത്. കാവ്യരംഗത്തും രാഷ്ട്രീയരംഗത്തും അര്‍ഹമായ അംഗീകാരങ്ങള്‍ പലതും ആളൂര്‍ പ്രഭാകരനു ലഭിച്ചില്ല. അദ്ദേഹം ഒരുകാലത്തും ഒന്നും ആഗ്രഹിച്ചിരുന്നുമില്ല. നിഷ്കാമ കര്‍മ്മിയായ പൊതുപ്രവര്‍ത്തകനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു ആളൂര്‍. വിട്ടുവീഴ്ചയില്ലാത്ത പ്രത്യാശയായിരുന്നു കാവ്യ ജീവിതത്തില്‍ അദ്ദേഹം എന്നും ഉയര്‍ത്തിപ്പിടിച്ച മൂല്യം. ആളൂരിന്റെ തന്നെ വരികളില്‍ അത് ഇങ്ങനെ സംഗ്രഹിക്കാം.… മുന്നോട്ടു കാലം കുതിക്കുന്നു പിന്നെയും ഏറ്റം സുരഭിലമായൊരു ഭാവിയെ ത്തീര്‍ക്കുവാനൊന്നായ് കുതിക്കുക നാം.

Exit mobile version