ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവത്തില്‍ എറണാകുളം ജില്ലാ മഹിള കോൺഗ്രസ് നേതാവിനെതിരെ നടപടി. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ സസ്പെന്‍ഡ് ചെയ്തു. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്.
കുടുംബത്തെ കബളിപ്പിച്ച് മഹിള കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീര്‍ സഹായധനം തട്ടിയെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ അച്ഛനോട് ആവശ്യപ്പെട്ട മുനീർ പിന്നീട് പണം തിരികെ നൽകി തടിയൂരാൻ ശ്രമിക്കുകയായിരുന്നു. മുനീർ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് മുനീര്‍ കുടുംബത്തിന് പണം തിരികെ നല്‍കാൻ തയാറായത്.
English Summary: aluva girl money Mahila Congress district secretary suspended
You may also like this video