കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെളളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ പെരിയാറിലെ ജലനിരപ്പ് 1.5 മീറ്ററോളം ഉയര്‍ന്നു. ആലുവ ക്ഷേത്രം വെള്ളത്തിലായതിനെ തുടര്‍ന്ന് പുലര്‍ച്ചെയുള്ള പൂജാകര്‍മങ്ങള്‍ മുടങ്ങി. കലങ്ങി ഒഴുകുന്നതിനാല്‍ വെള്ളത്തിലെ ചെളിയുടെ തോതും വര്‍ധിച്ചു. ചെളിയുടെ തോത് 70 എന്റ്റിയു ആയി വര്‍ധിച്ചിട്ടുണ്ട്. ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്ര നിറപ്പില്‍ നിന്ന് 2.3 മീറ്റര്‍ രേഖപെടുത്തി. ഇന്നലെ 80 സെന്റിമീറ്റര്‍ മാത്രമായിരുന്നു ജലനിരപ്പ്.
കാലാവസ്ഥാ പ്രവചനവും നീരൊഴുക്കും കണക്കിലെടുത്ത് റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിരുന്നു. ഇതുവഴി 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇതും മഴയും ചേര്‍ന്നാണ് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
English summary; Aluva Shiva temple flooded
You may also like this video;