Site iconSite icon Janayugom Online

എം കെ മുനീറിന്റെ അമാന എംബ്രോസ് പദ്ധതി; കൂടുതല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ ഉള്‍പ്പെട്ടതായി ആരോപണം

എംകെ മുനീർ എംഎൽഎ ചെയർമാനായ അമാന എംബ്രോസ് പദ്ധതിയിൽ കൂടുതൽ സ്വർണക്കടത്ത് കേസ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം. പദ്ധതിയുടെ ഗവേണിങ് ബോഡിയിലുള്ള റഫീഖും സ്വർണക്കടത്ത് കേസിലെ പ്രതിയാണെന്നാണ് ആരോപണം ഉയരുന്നത്. സ്വർണക്കടത്ത് കേസ് പ്രതികളായ അബുലൈസ് ഉൾപ്പെടെയുള്ളവർ ഗവേണിങ് ബോഡിയിൽ ഉള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. കൊടുവള്ളി മണ്ഡലത്തിൽ നിന്നും തൊഴിൽ തേടി ഗൾഫ് നാടുകളിലെത്തുന്നവർക്ക് രണ്ടു മാസം സൗജന്യ താമസമൊരുക്കുന്നതാണ് 2023 ൽ ആരംഭിച്ച അമാന എംബ്രോസ് പദ്ധതി. അമാനാ ജ്വല്ലറിയുമായി ചേർന്ന് മുനീർ ആരംഭിച്ച പദ്ധതിയുടെ പ്രധാന ഭാരവാഹിയാണ് റഫീഖ് അമാനയും. 

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നത് അമാനാ ഗ്രൂപ്പിനുവേണ്ടിയെന്ന് സ്വർണക്കടത്ത് സംഘാംഗം ചരൽ ഫൈസൽ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ രാമനാട്ടുകര അപകടത്തിന് പിന്നിൽ അമാനാ ഗ്രൂപ്പാണെന്നാണ് ഫൈസലിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പുനരന്വേഷണം വേണമെന്നും രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ അമാന ഗ്രൂപ്പിനായി സ്വർണം കടത്തുന്നുണ്ടെന്നും ഫൈസൽ സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 

കരിപ്പൂർ വഴി കടത്തുന്ന സ്വർണം എത്തുന്നത് കൊടുവള്ളിയിലാണെന്നാണ് വെളിപ്പെടുത്തൽ. വിമാനത്താവളത്തിലെത്തുന്ന കാരിയർക്ക് എത്തിക്കേണ്ട സ്ഥലം വരെ സുരക്ഷ ഒരുക്കുന്ന ജോലിയാണ് തങ്ങൾ ചെയ്തിരുന്നതെന്ന് പറഞ്ഞ ഫൈസൽ തന്നെ പരിചയമില്ലെന്ന റഫീഖ് അമാനയുടെ വാദവും തള്ളുന്നു.
നിരവധി തവണ ഇദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് ഫൈസൽ പറയുന്നത്. അമാന എംബ്രോസ് പ്രോജക്ട് കേരളത്തിലെ സ്വർണക്കടത്തിന്റെ കരിയർമാർക്കുള്ള താല്‍ക്കാലിക താമസസൗകര്യമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

Exit mobile version