Site icon Janayugom Online

അപമാനം സഹിച്ച് തുടരാനില്ല: അമരിന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുമെന്ന് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് വിടുമെന്ന നിലപാട് അമരീന്ദര്‍ ആവർത്തിച്ചത്. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാനാവില്ല. ബിജെപിയിലേക്ക് ഇല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. ഇതുവരെ താന്‍ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ഇനി കോണ്‍ഗ്രസില്‍ തുടരില്ല. ഒരു പ്രശ്‌നം ഉന്നയിച്ചുകഴിഞ്ഞാല്‍ അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ലെന്നും അമരീന്ദര്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും കണ്ടതിന് പിന്നാലെയാണ് അമരീന്ദറിന്റെ പ്രഖ്യാപനം. 

അതിനിടെ ഹൈക്കമാന്‍ഡിനെതിരെ കനത്ത പ്രഹരവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നട്‌വര്‍ സിങ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരാന്‍ സോണിയയും രാഹുലും പ്രിയങ്കയും സമ്മതിക്കില്ല, മറ്റൊരാളെയും ഇവര്‍ അനുവദിക്കില്ലെന്നും നട്‌വര്‍ സിങ് വിമര്‍ശിച്ചു. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായിരുന്ന കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്ഥിതി ഏറെ ദയനീയമാണ്. പഞ്ചാബിലെ പ്രതിസന്ധികള്‍ക്ക് കാരണം മറ്റാരുമല്ല, ഗാന്ധി കുടുംബം തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയവരും ഹൈക്കമാന്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

സിദ്ദുവിനെ അനുനയിപ്പിക്കാന്‍ ശ്രമം സജീവം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്നലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സിദ്ദുവുമായി കൂടിക്കാഴ്ച നടത്തി. ചില മന്ത്രിമാരുടെയും പൊലീസ് മേധാവി, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരുടെയും നിയമനം പിന്‍വലിക്കണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സിദ്ദു പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. 

Eng­lish Sum­ma­ry : amarinder singh left con­gress party

You may also like this video :

Exit mobile version