വോട്ടുകിട്ടാൻ എന്ത് തന്ത്രവും കളിക്കുന്നയാളാണ് നരേന്ദ്രമോഡിയെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ. ടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എഐടിയുസി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഉത്തർ പ്രദേശിൽ അധികാരം കിട്ടാൻ കർഷകസമരം ഒത്തുതീർത്ത മോഡി, പട്ടിണിയുടെ ആഴംകൂട്ടി മുതലാളിമാർക്കായി ഒരുക്കിയ നിയമങ്ങളുടെ പാപഭാരം മറികടക്കാനാണ് സ്ത്രീസംവരണബിൽ കൊണ്ടുവന്നത്. സിപിഐ സാമാജികയായ ഗീതാ മുഖർജി കൊണ്ടുവന്ന സ്വകാര്യബില്ലിനെ പാടെ മറന്നാണ് ബിജെപി പുതിയ അവകാശം പറയുന്നത്.
പോഷകാഹാരമില്ലാത്ത ഗർഭിണികളുടെ എണ്ണം ഏറ്റവും കൂടുതൽ ഗുജറാത്തിലാവുമ്പോഴാണ് നിലവിൽ ഏറ്റവും മാന്യമായ പരിഗണന കിട്ടുന്ന കേരളത്തിലുള്ള സ്ത്രീകളെ ശാക്തീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരിലെത്തുന്നത്.
അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് ജനമധ്യത്തില്‍ പീഡിപ്പിക്കപ്പെട്ട ബിൽക്കിസ് ബാനുവിന് അല്പമെങ്കിലും നീതി കിട്ടിയത് സുപ്രീം കോടതിയിൽ നിന്നാണ്. അതും ആ സംസ്ഥാനത്തുനിന്നും മഹാരാഷ്ട്രയിലേയ്ക്ക് മാറ്റി വിചാരണ നടത്തിയ ശേഷം. മണിപ്പൂരിൽ യുവതികൾ പൊതുനിരത്തിൽ തുണിയുരിയപെട്ടപ്പോൾ നോക്കിനിന്ന മോഡിക്ക് വോട്ടിനായി ബിഷപ്പുമാരെയും പൗരപ്രമുഖരെയും പ്രീതിപ്പെടുത്താൻ ഒരു മടിയുമില്ല.
രാജ്യത്തിനായി ഗുസ്തിയിൽ മെഡൽ വാങ്ങിയ വനിതാതാരങ്ങളോട് മോഡിയും അനുചരരും ചെയ്തെതെന്താണെന്ന് നാം കണ്ടു. രാജ്യത്തിന്റെ അഭിമാനമാവേണ്ടിയിരുന്ന വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത ബ്രിജ്ഭൂഷണെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്തത്. മോഡിയുടെ സംസ്ഥാനത്തുനിന്നുള്ള യുവാക്കളെയാണ് മതിയായ രേഖകളില്ലാതെ ഫ്രാൻസിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിൽ തിരിച്ചയച്ചത്. ഓരോരുത്തരില്‍ നിന്നും 80 ലക്ഷം വീതം ഈടാക്കിയെന്ന വാര്‍ത്തയും പുറത്തുവന്നു.
രാജ്യത്തെ തൊഴിലില്ലായ്മയുടെ വർധനവാണ് യുവാക്കളെ ഏതു വിധേനയും വിദേശത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നത്, യുവാക്കൾക്കും യുവതിക്കൾക്കുമായി അഗ്നിവീർ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന്റെ യാഥാർത്ഥ മുഖം രണ്ട് യുവാക്കളുടെ മരണത്തോടെയാണ് പുറത്തുവന്നത്. സൈനികർ കൊല്ലപ്പെടുമ്പോൾ കുടുംബത്തിന് ലഭിക്കുന്ന യാതൊരു ആനുകൂല്യങ്ങളും ഈ മരിച്ച യുവാക്കളുടെ കുടുംബത്തിന് ലഭ്യമായില്ല. തൊഴിലാളികൾ അടക്കമുള്ളവരുടെ പ്രതിരോധസ്വരങ്ങൾ ഇല്ലാതാക്കുന്നതിനുള്ള നിയമം പാസാക്കുമ്പോൾ എതിർപ്പുയർത്തരുതെന്നതിന്റെ പേരിലാണ് ഇരുസഭകളിലെയും എംപിമാരെ പുറത്താക്കിയ ശേഷം നിയമം പാസാക്കിയത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളികളുയർത്തുന്ന മുദ്രാവാക്യാത്തിൽ മോഡിയും ബിജെപിയും ഉയർത്തുന്ന കപടവികസന നയത്തെ തൂത്തെറിയാന്‍ എഐടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകൾ മുൻകൈ എടുക്കണമെന്നും അമർജീത് കൗർ പറഞ്ഞു.
English Summary: Amarjeet Kaur against Narendra Modi
You may also like this video
You may also like this video