Site icon Janayugom Online

അമര്‍നാഥ്: കുടിലുകള്‍ ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷത്തെ പ്രളയപാതയില്‍

amarnath

അമര്‍നാഥ് ഗുഹാക്ഷേത്രത്തിനു സമീപം തീര്‍ത്ഥാടകര്‍ക്കായി കുടിലുകള്‍ ഉണ്ടാക്കിയത് കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായ പ്രദേശത്ത്. ഇവിടെയാണ് വെള്ളിയാഴ്ച ഉണ്ടായ മിന്നല്‍പ്രളയത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കോവിഡിനെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നടത്താതിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയം മറ്റ് ആപത്തുകള്‍ക്കോ ജീവഹാനിയ്ക്കോ കാരണമായില്ല. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച കുറച്ച് കുടിലുകള്‍ ഒഴുകിപ്പോയിരുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വറ്റിവരണ്ട നദീതടത്താണ് ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്കുള്ള കുടിലുകള്‍ നിര്‍മ്മിച്ചത്. ഇതിലൂടെയാണ് കഴിഞ്ഞ വര്‍ഷം പ്രളയജലം ഒഴുകിപ്പോയത്. ഒരു സമൂഹ അടുക്കളയും പ്രളയപാതയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രളയം ഉണ്ടാകുന്ന മേഖലയാണെന്ന് അറിഞ്ഞിട്ടുകൂടി അധികൃതരുടെ ഭാഗത്തുനിന്നും സംഭവിച്ച ഈ വീഴ്ച വളരെ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു തന്നെയാണ് അവിടെ പ്രളയമുണ്ടായത്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥ കണക്കിലെടുക്കാതെയാണ് അധികൃതര്‍ യാത്രയ്ക്കായി പദ്ധതിയൊരുക്കിയത്.
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിലെ ഉദ്യോഗസ്ഥരും പൊലീസും സൈന്യവും സംയുക്തമായാണ് നദീതടത്തിന് സമീപമുണ്ടായ ജീവനക്കാരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. വരണ്ട നദീതടത്തിലേക്ക് വെള്ളം വരുന്നത് തടയാനായി ക്ഷേത്ര ബോര്‍ഡ് രണ്ടടി പൊക്കത്തില്‍ കല്‍ഭിത്തി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതിനു മുകളിലൂടെയും വെള്ളം കുതിച്ചുചാടി എത്തുകയായിരുന്നു.
2019ലും അതിനു മുമ്പും അരുവിയ്ക്ക് അപ്പുറത്താണ് കൂടാരങ്ങള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന യാത്രയില്‍ ഇത്തവണ വലിയ ജനത്തിരക്ക് കണക്കുകൂട്ടി കൂടുതല്‍ കുടിലുകള്‍ നിര്‍മ്മിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം ജൂണ്‍ 30നാണ് അമര്‍നാഥ് യാത്ര പുനരാരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും യാത്ര റദ്ദാക്കുകയായിരുന്നു. 2019 ല്‍ ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അമര്‍നാഥ് യാത്ര പകുതിയില്‍ ഉപേക്ഷിച്ചു.

Eng­lish Sum­ma­ry: Amar­nath: The huts were built on last year’s flood path

You may like this video also

Exit mobile version