അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) രൂക്ഷ വിമര്‍ശനവുമായി നാെബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ബംഗാളില്‍ എസ്ഐആര്‍ നടപ്പിലാക്കിയത് ധൃതിപിടിച്ചാണെന്നും ഇത്തരം നടപടികള്‍ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനാവശ്യ തിടുക്കം കാട്ടി. ഇത് ജനാധിപത്യത്തില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം കുറയുന്നതിന് ഇടവരുത്തും. അതീവ ശ്രദ്ധയോടെയും സമയമെടുത്തും നടത്തേണ്ട എസ്ഐആര്‍ തിടുക്കത്തില്‍ നടപ്പിലാക്കിയതിന്റെ യുക്തി മനസിലാകുന്നില്ല. ബംഗാളിന്റെ കാര്യത്തില്‍ തിടുക്കത്തിന്റെ കാര്യമില്ലായിരുന്നു. വോട്ടര്‍ പട്ടികകളുടെ സമഗ്രമായ അവലോകനം ശ്രദ്ധാപൂര്‍വം, വേണ്ടത്ര സമയം നല്‍കി നടത്തുന്നത് നല്ലൊരു ജനാധിപത്യ നടപടിക്രമമായിരിക്കും.
എന്നാല്‍ പശ്ചിമബംഗാളില്‍ സംഭവിക്കുന്നത് അതല്ലെന്ന് അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടി. സമ്മതിദായകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അവകാശം തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം അനുവദിക്കണം. അത് നല്‍കാതെ വേഗത്തില്‍ എസ്ഐആര്‍ പൂര്‍ത്തിയാക്കുന്നത് വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയും ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള അവഹേളനവുമാണെന്നും അദ്ദേഹം പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ അമര്‍ത്യ സെന്നിന് മാതാവിന്റെ പ്രായത്തിലുള്ള പൊരുത്തക്കേടിന്റെ പേരില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. സംഭവം വിവാദമായതോടെ സെന്നിന്റെ വസതിയിലെത്തി ഹിയറിങ്ങ് നടത്തി കമ്മിഷന്‍ തലയൂരുകയായിരുന്നു.

