നിശിതമായ യുക്തിബോധവും ആഴവും പരപ്പുമേറിയ വൈജ്ഞാനിക സമ്പത്തും ഉണ്ടായിരുന്ന ആധുനിക മാനവനാണ് ഡോഃ അംബേദ്കർ എന്ന മതേതര ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാ ശില്പി. ആധുനികതയിൽ ജവഹർലാൽ നെഹ്റുവിനോടല്ലാതെ മറ്റാരോടും അംബേദ്കറെ താരതമ്യം ചെയ്യാനാവില്ല. ഇവരിൽ ആർക്കാണ് ആധുനികത കൂടുതൽ എന്ന ചോദ്യം ഉയർന്നാൽ വലിയ തർക്കങ്ങൾക്കു ശേഷമല്ലാതെ ഒരു നിർണയത്തിൽ എത്തിച്ചേരാനുമാവില്ല. പക്ഷേ അത്തരമൊരു ചർച്ച ഉണ്ടായാൽ അതു ജനാധിപത്യ മതേതര ഭാരതത്തിന്റെ സാംസ്കാരിക ഭദ്രതക്ക് ഏറെ ഗുണം ചെയ്യും.
നെഹ്രുവും അംബേദ്കറും തമ്മിൽ ഏറെ വിയോജിപ്പുണ്ടെന്നു കണ്ടെത്താനാകുന്ന പ്രധാന മേഖല നിശ്ചയമായും ആർഷഭാരത സംസ്കാര പാരമ്പര്യത്തോടുള്ള സമീപനത്തിലായിരിക്കും. ഇന്ത്യയിലെ അധഃസ്ഥിത ജന വിഭാഗങ്ങൾ ആർഷഭാരതത്തിന്റെ അധികാര വ്യവസ്ഥയും സാമൂഹിക വ്യവസ്ഥയും ആയിരുന്ന ചാതുർവർണ്യാധിഷ്ഠിത ധർമ്മ വ്യവസ്ഥയിൽ നിന്ന് അനുഭവിച്ചു വന്നിരുന്ന വിവേചനത്തിന്റേയും മനുഷ്യപ്പറ്റില്ലായ്മയുടേയും കൊടും ക്രൂരതകൾ ഒരു അധഃസ്ഥിത ജാതിയിൽ പിറന്ന അംബേദ്കർക്ക് ആർഷഭാരത സംസ്കാരത്തോടുള്ള സമീപനങ്ങളെ നിശിത വിമർശന സ്വഭാവമുള്ളതാക്കി. എന്നാൽ മാംസം കഴിക്കുക ശീലമായിരുന്ന കാശ്മീരി ബ്രാഹ്മണ വിഭാഗത്തിൽ പിറന്ന ജവഹർലാൽ നെഹ്രു ‘ഇന്ത്യയെ കണ്ടെത്തിയ’പ്പോൾ, ആർഷഭാരത സംസ്കാരത്തിൽ പല മഹിമയും ഉണ്ടായിരുന്നതായും ഉള്ളതായും തോന്നി. അതുകൊണ്ടു തന്നെ നെഹ്രുവിന് ‘ജാതിവ്യവസ്ഥക്ക് കാഠിന്യം വളർന്നു വന്നതനുസരിച്ചു മനസിനു കടുപ്പം കൂടി വന്നു എന്നും സർഗചൈതന്യം മങ്ങി മറഞ്ഞു എന്നും ഒരു പക്ഷേ പറയാവുന്നതാണ്’ [ഇന്ത്യയെ കണ്ടെത്തൽ; പേജ് 109] എന്നേ എഴുതാനായുള്ളൂ. ഇവിടെ ഉദ്ധരിച്ച കൊച്ചു വാചകത്തിലെ ‘ഒരു പക്ഷെ’ എന്ന വാക്ക് ഉന്നതകുല ജാതനായ നെഹ്രുവിന്റെ ആർഷഭാരത സംസ്കാരത്തോടുള്ള സമീപനത്തിന്റെ ഡിഎൻഎ ആണെന്നു പോലും പറയാം. ഗാന്ധിജിക്കാകട്ടെ ബ്രിട്ടീഷ് പാർലമെന്ററി ഭരണവ്യവസ്ഥയേക്കാൾ ചാതുർവർണ്യം കുറ്റമറ്റൊരു സാമൂഹിക വ്യവസ്ഥ തന്നെ ആയിരുന്നു. എന്നാൽ അംബേദ്കർ ഉപനിഷത്തിന്റെ ആത്മാവും ചാതുർവർണ്യത്തിന്റെ ഭരണവ്യവസ്ഥയും സ്വഭാവവും സ്വരൂപവും ആയിരുന്ന ആർഷഭാരത പാരമ്പര്യത്തിന്റെ നിശിത വിമർശകനായ ആധുനിക ഭാരത പുത്രനായിരുന്നു. ബൗദ്ധം ഒഴിച്ച് മറ്റൊരു മതപാരമ്പര്യത്തിൽ നിന്നും ആധുനിക ജനാധിപത്യ പാരമ്പര്യത്തിന് യാതൊന്നും ഉൾക്കൊള്ളാനില്ല എന്നതായിരുന്നു അംബേദ്കറുടെ നിലപാട്.
അവർണർക്ക് രക്ഷ ഇസ്ലാമോ ക്രിസ്തുമതമോ ആണെന്നല്ല ബുദ്ധമതം മാത്രമാണെന്നതായിരുന്നു അംബേദ്കറുടെ നിലപാട്. ഇത് ജമാഅത്തെ ഇസ്ലാമി തീറ്റിപ്പോറ്റുന്ന ‘അംബേദ്കറിസ്റ്റു മുസ്ലിങ്ങ’ളായവർ മറച്ചു വയ്ക്കുന്ന ഒരു അംബേദ്കർ നിലപാടാണ്. ആർഷഭാരത പാരമ്പര്യത്തെ വിമർശിച്ചും ബുദ്ധനെ അംഗീകരിച്ചും നിലപാടെടുത്ത ഒരാളെ, ഓരോരോ വിധത്തിൽ ശ്രീ ശങ്കരനെ ജഗത് ഗുരുവായി കൊണ്ടാടുന്ന രാഷ്ട്രീയ ആദ്ധ്യാത്മിക സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് ഉൾക്കൊള്ളാനാവില്ല എന്നത് വളരെ വ്യക്തമായ ഒരു വസ്തുതയാണ്. ഈ വാസ്തവമാണ് ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ’ എന്നു പറയുന്ന നേരം ഭഗവൽനാമം ജപിച്ചിരുന്നെങ്കിൽ സ്വർഗത്തിലെത്താനുള്ള പുണ്യം കിട്ടിയേനെ ‘എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയായി പുറത്തു വന്നിരിക്കുന്നത്. ഹിന്ദുരാഷ്ട്ര വാദികൾക്ക് അംബേദ്കറേയോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനാധിപത്യ മതേതര ഭരണഘടനയേയോ മനുസ്മൃതിയോളം മാനിക്കാനാവില്ലല്ലോ. പക്ഷേ ഇതിനർത്ഥം മുസ്ലിങ്ങൾക്കെതിരെ എന്നതു പോലെ അംബേദ്കർക്കെതിരെ ഒരു പരസ്യ യുദ്ധത്തിനു ആർഎസ്എസോ ബിജെപി ഉൾപ്പെടെയുള്ള സംഘ്പരിവാർ പ്രസ്ഥാനങ്ങളോ തയ്യാറാകും എന്നല്ല. സംഘ്പരിവാരം ഗാന്ധിജിക്കും നെഹ്റുവിനും കോൺഗ്രസിനും നേരെ അംബേദ്കർ ഉയർത്തിയ വിമർശനങ്ങളും, അംബേദ്കർ ‘ഇന്ത്യയുടെ വിഭജനം അഥവാ പാക്കിസ്ഥാന്റെ രൂപീകരണം’ എന്ന ഗ്രന്ഥത്തിൽ മുസ്ലിങ്ങൾക്കു നേരെ ഉയർത്തിയ വിമർശനങ്ങളും കൊണ്ടാടുകയും പ്രചരിപ്പിക്കുകയും ചെയ്യും. പക്ഷേ സംഘ്പരിവാരം ഒരിക്കലും ‘ജാതിനിർമ്മൂലനം’ എന്ന അംബേദ്കറുടെ ഗ്രന്ഥത്തെപ്പറ്റിയോ അംബേദ്കറുടെ ശ്രീരാമ ശ്രീകൃഷ്ണാദി അവതാര വ്യക്തിത്വങ്ങളോടുള്ള വിമർശനങ്ങളെപ്പറ്റിയോ കമാ എന്ന ഒരക്ഷരം മിണ്ടില്ല. സംഘ്പരിവാരം ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതഛേദനം’ എന്ന ഗ്രന്ഥം പ്രചരിപ്പിക്കാൻ കാണിക്കുന്ന ആവേശം ചട്ടമ്പി സ്വാമികളുടെ ‘വേദാധികാര നിരൂപണം’ എന്ന ഗ്രന്ഥം പ്രചരിപ്പിക്കാൻ കാണിക്കാറില്ലല്ലോ. ഇതേ ശൈലി തന്നെയാണ് അംബേദ്ക്കറോടും അവർ അവലംബിക്കുന്നത് എന്നു ചുരുക്കം.
ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളും അംബേദ്കറോടു പുലർത്തുന്നത് സംഘ്പരിവാര സമീപനം തന്നെയാണ്. അവർ അംബേദ്കറുടെ ജാതിനിർമ്മൂലനം എന്ന ഗ്രന്ഥം ആവേശത്തോടെ പ്രചരിപ്പിക്കും. എന്നാൽ അംബേദ്കറുടെ ‘ഇന്ത്യയുടെ വിഭജനം’ എന്ന ഗ്രന്ഥമോ ‘ബുദ്ധനും മാർക്സും’ എന്ന ഗ്രന്ഥമോ ‘ഇന്ത്യൻ തൊഴിലാളി വർഗത്തോട്’ എന്ന ഗ്രന്ഥമോ അംബേദ്കർ എഴുതിയിട്ടുള്ളതായി പോലും പറയില്ല. കാരണം മുസ്ലിം സംഘടനകളുടെ മതരാഷ്ട്ര സംസ്ഥാപന ലക്ഷ്യവും വർഗീയതയും പ്രസ്തുത കൃതികളിൽ തുറന്നു കാട്ടപ്പെടുന്നുണ്ട്. എന്നാൽ കോൺഗ്രസുകാരും ബിജെപിക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും ഒക്കെ അംബേദ്കർ കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഉന്നയിച്ചിട്ടുള്ള വിമർശനങ്ങൾ ഒരേ ആവേശത്തോടെ ഉയർത്തി കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. തീർച്ചയായും അംബേദ്കർ കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റുകാരേയും ഒക്കെ വിമർശിച്ചിട്ടുണ്ട്. പക്ഷേ അത് ഹിന്ദുമഹാസഭ, മുസ്ലിം ലീഗ്, കോൺഗ്രസ് എന്നീ പ്രസ്ഥാനങ്ങൾക്കുനേരേയും ഗാന്ധിസം, നെഹ്റുയിസം എന്നീ സൈദ്ധാന്തിക സമീപനങ്ങൾക്കു നേരെയും ഉയർത്തിയ വിമർശനങ്ങളുടെ പത്തു ശതമാനം പോലും വരില്ല. അംബേദ്കർക്ക് ബൗദ്ധം, യൂറോപ്യൻ ജനാധിപത്യം എന്നിവ കഴിഞ്ഞാൽ ഉൾക്കൊള്ളണം എന്നു തോന്നിയിരുന്ന ആശയ സംഹിതകൾ സോഷ്യലിസവും കമ്മ്യൂണിസവും ആയിരുന്നു. റാം മനോഹർ ലോഹ്യ, ബി ടി രണദിവെ എന്നിവരുടെ എഴുത്തുകളും അവരുടെ അംബേദ്കറോടുള്ള സംവാദങ്ങളും വായിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും. എന്തായാലും തന്തൈപെരിയോർ, റാം മനോഹർ ലോഹ്യ എന്നിവരുമായി ചേർന്നു അംബേദ്കർ ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ രാഷ്ട്രീയ ശക്തി വളർത്താൻ മുൻകൈ എടുത്തു തുടങ്ങിയ ഘട്ടത്തിലാണ് പൊടുന്നനെ പരിനിർവാണം പ്രാപിച്ചത്. ആ ദേഹവിയോഗം വല്ലാത്ത നഷ്ടമാണ് ഇന്ത്യൻ ജനാധിപത്യ രാഷ്ട്രീയത്തിന് ഉണ്ടാക്കിയത്. അതുകൊണ്ട് അംബേദ്കർ വിഭാവനം ചെയ്ത അധഃസ്ഥിത വിമോചനത്തിലൂന്നിയ ജനാധിപത്യ മതേതര സോഷ്യലിസ്റ്റു വ്യവസ്ഥിതി പടുത്തുയർത്താൻ നാം ശ്രമിക്കണം. അതിനുള്ള ആവേശം പകരാൻ ‘അംബേദ്കർ അംബേദ്കർ’ എന്ന മുദ്രാവാക്യം ജനാധിപത്യ വിശ്വാസികളുടെ നാമജപമായി ഉയർത്തണം. മതരാഷ്ട്രം വിഭാവനം ചെയ്തു പ്രവർത്തിക്കുന്ന മനുവാദികളും മൗദൂദിവാദികൾക്കും മുന്നിൽ ബുദ്ധന്റെ ധർമ്മവെളിച്ചത്തിൽ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഇന്ത്യയിലേക്കുള്ള പൊതു ജീവിത വഴിവെട്ടി കാട്ടിയ അംബേദ്കറുടെ സമഗ്ര സ്വരൂപം ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കണം. കാലത്തിന്റെ ആവശ്യമാണിത്. അംബേദ്കർ മതരാഷ്ട്രവാദ ഭീഷണി നേരിടുന്ന ജനാധിപത്യ ഭാരതത്തിന്റെ ഏറ്റവും മഹത്തരവും ബലിഷ്ഠവുമായ പരിരക്ഷാകവചമാണ്.