Site iconSite icon Janayugom Online

അംബേദ്കര്‍ പ്രതിമ നീക്കുന്നതിനെ എതിര്‍ത്തു; ദളിതര്‍ക്കെതിരെ വധശ്രമക്കേസ്

അംബേദ്കര്‍ പ്രതിമ നീക്കം ചെയ്തതിനെ എതിര്‍ത്ത ദളിതര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സ്ത്രീകളുള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരെ വധശ്രമത്തിനും തിരിച്ചറിയാത്ത 30 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. 21ന് സമോഗര ഗ്രാമത്തിലെ അംബേദ്കറുടെ പ്രതിമ നീക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസുമായെത്തിയ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ നീക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധമറിയിച്ച് രംഗത്തെത്തി.
പൊളിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിമയ്ക്ക് ചുറ്റും നിന്നെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികളും പൊലീസും പരസ്പരം ഏറ്റുമുട്ടി. പ്രദേശവാസികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലേറ് ഉണ്ടായതിന് ശേഷമാണ് ലാത്തിച്ചാര്‍ജ് നടന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വകാര്യഭൂമിയിലാണെങ്കില്‍ പോലും സർക്കാര്‍ അനുമതിയില്ലാതെ നേതാക്കളുടെ പ്രതിമ വയ്ക്കാൻ പാടില്ലെന്നാണ് നിയമമെന്ന് നയാബ് തഹസിൽദാർ ചന്ദ്രപ്രകാശ് ലാൽ പറഞ്ഞു. ഇക്കാര്യം ഗ്രാമവാസികളെ അറിയിച്ചെങ്കിലും അവര്‍ കേള്‍ക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരവ് പ്രകാരം, പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവര്‍ ആദ്യം ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടണം. അദ്ദേഹം സ്ഥലപരിശോധന നടത്തി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് അയച്ചതിന് ശേഷം മാത്രമേ അനുമതി ഉണ്ടാകൂ എന്നും ചന്ദ്രപ്രകാശ് ലാൽ പറഞ്ഞു.
അതേസമയം അനധികൃത നിര്‍മ്മാണം ആരോപിച്ച് സംസ്ഥാനത്തുടനീളമായി അംബേകറുടെ പ്രതിമകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് യുപി സര്‍ക്കാര്‍. കുശിനഗര്‍, സോൻഭദ്ര, സിതാപുര്‍, വിഭാര്‍പുര്‍ എന്നിവിടങ്ങളിലും പ്രതിമ പൊളിച്ചെതിനെതിരെ പ്രദേശവാസികള്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. 

Exit mobile version