എംസി റോഡിൽ സദാനന്ദപുരത്തിന് സമീപം രോഗിയുമായി പോയ ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രോഗിയായ അടൂർ ഏനാദിമംഗലം മരുതിമൂട് ആഞ്ഞിലിമൂട്ടിൽ തമ്പി (65), ഭാര്യ ശ്യാമള (60), പശ്ചിമ ബംഗാൾ കുച്ച് ബെഹാർ പോക്സി ഗാംഗ സ്വദേശി റൂബൽ ഹക്ക് (24) എന്നിവരാണ് മരിച്ചത്.
ലോറി ഡ്രൈവറും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെ ആറ് പേർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ആംബുലൻസിലുണ്ടായിരുന്ന തമ്പിയുടെ മകൾ ബിന്ദു (34), ലിബിൻ ബാബു (28), ലോറിയിൽ ഡ്രൈവർ കൊല്ലം പെരിനാട് സ്വദേശി ജലീൽ (35), ഇതര സംസ്ഥാന തൊഴിലാളികളായ ശബലു, മാലിക് എന്നിവരാണ് ചികിത്സയിലുള്ളത്.
തമ്പിയെ അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ചൊവ്വ അര്‍ധരാത്രിയാണ് അപകടം സംഭവിച്ചത്. കൊട്ടാരക്കര പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. തമ്പിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും ശ്യാമള തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം കൊട്ടാരക്കരയിലും മെഡിക്കൽ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അനന്തര നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

