വാമൊഴി വഴക്കങ്ങളും നാട്ടുഭാഷാ പ്രയോഗങ്ങളും ഏറെ പരിചിതമായ കേരള രാഷ്ട്രീയത്തിൽ, തൃശൂരിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയുടെ തകർപ്പൻ ഡയലോഗാണ് ഇപ്പോള്‍ എങ്ങും മുഴങ്ങുന്നത്. അദ്ദേഹം എല്ലാറ്റിലും അല്പം സിനിമാറ്റിക് ഭാവം പുലർത്തുന്നതിനാൽ എല്ലാവർക്കും അത് മനസിലാകണമെന്നില്ല. കണ്ടുകണ്ടങ്ങിരിക്കും സുരേഷിനെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. എല്ലാം മായയാണെന്ന നിലപാടുണ്ടായിരുന്ന അദ്ദേഹത്തിന് പക്ഷെ അധികം താമസിയാതെ തന്നെ വെളിപ്പാട് ഉണ്ടായി എന്നത് കേരളത്തിന്റെ മഹാഭാഗ്യം. അല്ലെങ്കിൽ അണികൾ അതിനെ ന്യായീകരിച്ച് വശംകെടുമായിരുന്നു.
കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ‘മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്യവും’, ‘ഷിറ്റും’, ‘ഒരച്ഛന്റെ രോദന’വുമെല്ലാം സിനിമാ പ്രേമികളായ മലയാളികൾക്ക് സുപരിചിതമാണ്. പക്ഷെ ഇതെല്ലാം വെള്ളിത്തിരയിൽ മാത്രം ശീലിച്ചവർക്ക് അങ്ങനെയല്ലാതെ കാണാനും കേൾക്കാനുമുള്ള സൗഭാഗ്യം ഉണ്ടായിരിക്കുകയാണ്. പഞ്ച് ഡയലോഗുകളിൽ ചെറിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ‘ഒറ്റ തന്തയ്ക്ക് പിറന്നവരാണെങ്കിൽ സിബിഐയെ കൊണ്ട് അന്വേഷിക്കട്ടെ’ എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനം. പിന്നെ മായക്കാഴ്ചകളുടെയും കേൾവികളുടെയും ഘോഷയാത്രകളായിരുന്നു.
ലോകം മുഴുവൻ ടിവി ചാനൽ ദൃശ്യങ്ങളിലൂടെയെങ്കിലും കണ്ട് മനസിലാക്കിയ പൂരനാളിലെ ആംബുലൻസ് യാത്ര മായക്കാഴ്ചയാണെന്നും താനെത്തിയത് കാറിലായിരുന്നുവെന്നും, ചേലക്കരയിലെ ബിജെപി സ്ഥാനാർത്ഥിയുടെ യോഗത്തിൽ സുരേഷ്ഗോപി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല, തന്നെ ഗുണ്ടകൾ ആക്രമിച്ചപ്പോൾ രാഷ്ട്രീയമില്ലാത്ത ചില യുവാക്കളാണ് രക്ഷപ്പെടുത്തി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു കളഞ്ഞു. നോക്കണേ, ഭരത്ചന്ദ്രൻ ഐപിഎസിനെ, അതും ബിജെപിയുടെ തൃശൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയെയാണ് ഇങ്ങനെ ആക്രമിക്കുന്നത്. അന്വേഷിക്കാനെത്തുമ്പോൾ സിബിഐ ഇതും അന്വേഷിക്കുമോ എന്തോ.
കേന്ദ്രമന്ത്രിയുടെ ആംബുലൻസ് മായക്കാഴ്ച നിറഞ്ഞാടുന്ന വേളയിൽ, അതേവേദിയിൽ തൊട്ടുമുമ്പ് പ്രസംഗിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറും നകുലന്റെ ‘ഗംഗേ’ വിളിയിൽ കട്ടിൽ നിലത്തേക്കിട്ട് സ്തംഭിച്ചുനിൽക്കുന്ന നായികയുടെ അതേ അവസ്ഥയിലായിരുന്നു. അസുഖമായതിനാലാണ് പൂര ദിവസം ആംബുലൻസിനെ ആശ്രയിക്കേണ്ടി വന്നതെന്നും, ഇത്തരം പ്രശ്നങ്ങൾ നടക്കുമ്പോൾ അസുഖമാണെങ്കിലും ഏതുവിധേനയും ഞങ്ങൾ സ്ഥലത്തെത്തി പരിഹരിക്കുമെന്നുമെല്ലാം പ്രഖ്യാപിച്ച്, ആംബുലൻസ് യാത്രയെ മഹത്വവല്‍ക്കരിച്ച് സംതൃപ്തരായി ഇരു പ്രസിഡന്റുമാരും ഇരിക്കുമ്പോഴാണ് ‘കാറിലാണ് താന്‍ എത്തിയ’തെന്നുള്ള നായകന്റെ മൊഴിമാറ്റം.
‘ഗംഗേ’ വിളിയിൽ ‘ഞങ്ങൾ എന്തെങ്കിലും പറഞ്ഞോ, നകുലേട്ടാ’ എന്നുചോദിച്ച് ചാടിയെഴുന്നേറ്റ് കണ്ടംവഴി ഓടാനും വയ്യാത്ത ഗതികേടിലായി രണ്ടുപേരും. ബിജെപി പ്രവർത്തകർ ഉൾപ്പെടെ കൂടിനിന്നവരെല്ലാം ഈ വിരുദ്ധോക്തികൾ കേട്ട് വാ പൊളിച്ചു പോയി. കെട്ടിപ്പൊക്കിക്കൊണ്ടു വന്ന ചീട്ടുകൊട്ടാരം രാജാവ് തന്നെ തകർക്കുന്ന അവസ്ഥ. ഇതുകൊണ്ടും തീർന്നില്ല, ആംബുലൻസിൽ വന്നത് കണ്ടവർ മായക്കാഴ്ചയാണ് കണ്ടതെന്നും കൂടി പറഞ്ഞപ്പോൾ, സുരേന്ദ്രനും അനീഷും ആരായി! സംസ്ഥാന ബിജെപി നേതൃത്വവും സുരേഷ്ഗോപിയും തമ്മിലുള്ള രൂക്ഷമായ തർക്കങ്ങളെപ്പറ്റി കേട്ടറിഞ്ഞ അണികൾക്കെല്ലാം കാര്യങ്ങൾ സുവ്യക്തം.
എന്നിട്ടും അരിശം തീരാതെയാണ് സിനിമ സ്റ്റൈലിൽ ഒറ്റത്തന്തയെന്ന അടുത്ത പഞ്ച് ഡയലോഗ്. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന, കേരളത്തിലെ കുറെ മലയാളികളെങ്കിലും കലാകാരനെന്ന നിലയിൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി പൊതു പ്രവർത്തനത്തിന് ഇറങ്ങുകയും എംപിയും കേന്ദ്രമന്ത്രിയുമായി ത്തീരുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകുന്നില്ല. അരിശവും വികാരവും ഒതുങ്ങിയപ്പോൾ ലജ്ജയൊട്ടുമില്ലാതെ അടുത്ത ദിവസം തന്നെ സുരേഷ്ഗോപി ഇത് മാറ്റിപ്പറഞ്ഞു, യാത്രാ വാഹനം ആംബുലൻസ് തന്നെ. കൂടെ, മാധ്യമപ്രവർത്തകർക്ക് കുറെ ആക്ഷേപവും. കഥാകൃത്തുകൾ അവരാണത്രെ, അദ്ദേഹം ‘നടൻ’ മാത്രമാണല്ലോ.
മാധ്യമ പ്രവർത്തകരെ, പ്രത്യേകിച്ച് ദൃശ്യമാധ്യമ പ്രവർത്തകരെ കണ്ടാൽ അദ്ദേഹത്തിന് ചതുർത്ഥിയാണ്. ചോദ്യങ്ങൾ ഒട്ടും സഹിക്കില്ല, ഇനി ഉത്തരം പറയുന്നതെല്ലാം അതിവൈകാരികമായും ക്ഷോഭത്തോടെയും മാത്രം. എപ്പോഴും ഏതോ തട്ടുപ്പൊളിപ്പൻ സിനിമാ ഷൂട്ടിങ്ങിൽ ആണെന്ന തരത്തിലാണ് പ്രകടനങ്ങൾ. ഇപ്പോൾ മൂവ് ബാക്ക് ആണ് സ്ഥിരം ഡയലോഗ്. അല്ലെങ്കിൽ കേന്ദ്രമന്ത്രിയെ തടഞ്ഞുവെന്ന് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് പൊലീസിൽ പരാതി നൽകും.
കേന്ദ്ര മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് മാധ്യമപ്രവർത്തകർ കാണാനും അഭിപ്രായം ആരായാനുമെത്തുമ്പോൾ, സംസാരിക്കാനും അല്ലെങ്കിൽ നിശബ്ദനായി പോകാനും എന്തു തടസമാണുള്ളത്. സ്വന്തം തൊഴിലിന്റെ ഭാഗമായെത്തുന്ന അവരോട് സംയമനത്തോടെ പ്രതികരിക്കാതെ പൊലീസിൽ പരാതി നൽകുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമായിരിക്കും. ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചോദ്യങ്ങളെ ഭയന്നു തുടങ്ങുമ്പോഴാണ് ജനാധിപത്യം അപകടാവസ്ഥയിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടത്. അതുകൊണ്ടാണ് മാധ്യമപ്രവർത്തകർ ഇറച്ചിക്കടയ്ക്ക് മുന്നിലെ നായകളെ പോലെയാണെന്ന് ചില നേതാക്കൾക്ക് തോന്നലുണ്ടാകുന്നതും.