Site iconSite icon Janayugom Online

ആൻ മരിയയുടെ ജീവനായി നാടൊന്നിച്ചു; 133 കിലോമീറ്റർ പിന്നിട്ടത് രണ്ടരമണിക്കൂറിൽ

ഹൃദയാഘാതത്തെ തുടർന്ന് ജീവൻ അപകടത്തിലായ പതിനേഴുകാരിയെ കട്ടപ്പനയിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിക്കാൻ നാടൊന്നിച്ചു. കട്ടപ്പനയിൽ ഹൃദയാഘാതത്തെ തുടർന്ന് ജീവൻ അപകടത്തിലായ ആൻ മരിയ ജോയിയെ എത്രയും വേഗം മതിയായ ചികിൽസക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് കട്ടപ്പനയിൽ നിന്നും റഫർ ചെയ്യുകയായിരുന്നു.

കുട്ടിയുടെ ബന്ധുക്കളിൽ നിന്ന് വിവരം അറിഞ്ഞതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും സന്ദേശം കൈമാറി. മന്ത്രി റോഷി അഗസ്റ്റിന്റെ ഫെയ്സ്ബുക്കിലെ അഭ്യർത്ഥന കണ്ട നിരവധി പേരാണ് ആംബുലൻസിന് വഴിയൊരുക്കാൻ സന്നദ്ധസേനയായി കൈകോർത്തത്. ഇവർ ആംബുലൻസിന് പോകാൻ വഴിയൊരുക്കി.

ആംബുലൻസ് കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്കുള്ള 133 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് 2 മണിക്കൂർ 39 മിനിറ്റിലാണ്. സാധാരണഗതിയിൽ 3 മണിക്കൂർ 56 മിനിറ്റ് എടുക്കുമായിരുന്നു. വഴിയിലുടനീളം പൊലീസ് സൗകര്യം ഒരുക്കിയതിനാൽ ഗതാഗത കുരുക്കില്ലാതെ യാത്ര സുഗമമായിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും ആംബുലൻസിനെ അനുഗമിച്ചു. കട്ടപ്പന മുതൽ കൊച്ചി ഇടപ്പള്ളി വരെ ട്രാഫിക് മുന്നറിയിപ്പുമായി പൊലീസും ദൗത്യത്തിന്റെ ഭാഗമായി.

രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. പിന്നീട് സമീപത്തെ സെന്റ്. ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ ചികിത്സ നടത്തി. പിന്നീട് രാവിലെ 11.30 ഓടെയാണ് ആൻ മരിയയുമായി ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഓട്ടോറിക്ഷാ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും അടക്കം റോഡിലിറങ്ങി ആംബുലൻസിന് വഴിയൊരുക്കി. രണ്ടര മണിക്കൂർ കൊണ്ട് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പ്രാഥമിക ചികിത്സ ആരംഭിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

‘റോഡുകൾ എത്ര നല്ലതാണെങ്കിലും ഇടുക്കി പോലുള്ള ഒരു സ്ഥലത്തു നിന്ന് ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിലെത്തുന്നത് എളുപ്പമല്ല. പോരാത്തതിന് സ്കൂൾ തുറന്ന് ആദ്യ ദിവസമായിരുന്നതിനാൽ പതിവിലേറെ റോഡിൽ തിരക്കുമുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയത്. അതിന് സഹകരിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്’.- മന്ത്രി റോഷി പറഞ്ഞു.

Eng­lish Sum­ma­ry: ambu­lance from kat­tap­pana with an ail­ing patient reached kochi with­in two and half hour
You may also like this video

 

Exit mobile version