Site iconSite icon Janayugom Online

കര്‍ണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി; മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ ഇനി സൗജന്യ അടിയന്തര ചികിത്സ

നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തര ചികിത്സ ഉറപ്പുവരുത്താൻ നിയമഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007 ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിലെ സെക്ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും നൽകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഭേദഗതി.

ജില്ലാ രജിസ്ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്ചയിച്ച നിരക്ക് മാത്രമേ ആശുപത്രികൾക്ക് ഈടാക്കാൻ അനുമതിയുള്ളൂ. ചികിത്സാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് തിരിച്ചു നൽകും. കൂടാതെ, നായയുടെ കടിയേറ്റവർക്കായി റേബീസ് വാക്സിൻ, പാമ്പു കടിയേറ്റവർക്കായി ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പുവരുത്തണം. സംസ്ഥാനത്ത് നായ, പാമ്പ് എന്നിവയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ ഈ സുപ്രധാന നടപടി സ്വീകരിച്ചത്.

Exit mobile version