Site iconSite icon Janayugom Online

സോംബീസ് ഭീതിയില്‍ അമേരിക്കന്‍ തെരുവുകള്‍; ലക്ഷ്യം യുവാക്കള്‍

zombiezombie

യുഎസില്‍ ഭീതിപരത്തി സോംബീ ഡ്രഗ്. തെരുവുകളില്‍ കുഴഞ്ഞിരിക്കുന്നവരുടെയും അലറിക്കരയുന്നവരുടെയും ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനുഷ്യ ശരീരം അഴുകുന്നതിന് കാരണമാകുന്ന മാരകമായ പാര്‍ശ്വഫലങ്ങളുള്ള സൈലാസൈന്‍ എന്ന മരുന്നിന്റെ ഉപയോഗം കണ്ടെത്തുകയായിരുന്നു. മൃഗങ്ങള്‍ക്കുള്ള അനസ്‌തേഷ്യക്കായും വേദനസംഹാരിയായും സെെലാസെെന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ യുഎസില്‍ മയക്കുമരുന്നിന് സമാനമായി സെെലാസെെന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. 

സൈലാസൈന്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആസ്വാദനം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മരുന്നിന്റെ ഉപയോഗം നിയമപരമാണെങ്കിലും മനുഷ്യരിലെ ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടില്ല. കൊക്കെയിന്‍, ഹെറോയിന്‍, ഫെന്റനൈല്‍ പോലുള്ള മയക്കുമരുന്നുകളിലും വീര്യം വര്‍ധിപ്പിക്കുന്നതിനായ സെെലാസെെന്‍ ചേര്‍ക്കാറുണ്ട്. സൈലാസൈനിന്റെ അമിതമായ ഉപയോഗം മനുഷ്യരില്‍ അമിതമായ ഉറക്കം, ഓര്‍മകുറവ്, ശ്വാസം മുട്ടല്‍, ഹൃദയമിടിപ്പ് പതുക്കെ ആകുന്നതിനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കാരണമാകുന്നു. ഉപയോഗിക്കുന്നവരുടെ തൊലിയില്‍ വലിയ ദ്വാരങ്ങളുള്ള മുറിവുകളുണ്ടാക്കുന്നതിനാലാണ് ഇതിനെ സോംബി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. 

തുടര്‍ച്ചയായി ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി മുറിവ് വ്യാപിക്കുന്നതിനും കാന്‍സറിന് സമാനമായ അവസ്ഥയിലേയ്ക്ക് എത്തുന്നതിനും കാരണമാകുന്നു. 2021ല്‍ ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, 2668 പേര്‍ സൈലാസൈന്‍ അമിത അളവില്‍ ശരീരത്തിലെത്തിയത് മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈലാസൈനിന്റെ ദുരൂപയോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 2000 ത്തിന്റെ തുടക്കത്തില്‍ പ്യൂര്‍ട്ടോ റിക്കോയിലാണ്.

Eng­lish Sum­ma­ry: Amer­i­can streets in fear of zom­bies; Tar­get youth

You may also like this video 

Exit mobile version