Site iconSite icon Janayugom Online

അമേരിക്കയില്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മരിച്ചു; സംഭവം അന്നാബെല്ലെ പാവയുമായി പര്യടനം നടത്തുന്നതിനിടെ

അന്നാബെല്ലെ പാവയുമായി പര്യടനം നടത്തുന്നതിനിടെ 54 വയസ്സുള്ള പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മരിച്ചു. മുന്‍ യു എസ് സൈനികന്‍ ആയ ഡാന്‍ റിവേര ആണ് മരിച്ചത്. ഈ പാവക്ക് ‘പൈശാചികബാധ’യുണ്ടെന്ന് അവകാശപ്പെട്ടാണ് ഡാന്‍ യാത്രകള്‍ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ടൂര്‍ സംഘാടകര്‍ ആണ് മരിച്ച വിവരം അറിയിച്ചത്. 

പെന്‍സില്‍വാനിയയില്‍ ‘ഡെവിള്‍സ് ഓണ്‍ ദി റണ്‍ ടൂര്‍’ എന്ന പരിപാടിക്കിടെയാണ് റിവേര മരിച്ചത്. വിവരം ലഭിച്ചയുടനെ ഞായറാഴ്ച വൈകിട്ട് ഫയര്‍ഫോഴ്സും മെഡിക്കല്‍ വിദഗ്ധരും ഗെറ്റിസ്ബര്‍ഗിലെ റിവേരയുടെ ഹോട്ടലിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയപ്പോഴേക്കും റിവേര മരിച്ചിരുന്നു.

ട്രാവല്‍ ചാനലിന്റെ ‘മോസ്റ്റ് ഹോണ്ടഡ് പ്ലേസസ്’ എന്ന പരിപാടിയില്‍ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി റിവേരയെ അവതരിപ്പിക്കുകയായിരുന്നു. നെറ്റ്ഫ്ലിക്‌സിന്റെ ’28 ഡേയ്സ് ഹോണ്ടഡ്’ ഉള്‍പ്പെടെ നിരവധി മറ്റ് ഷോകളുടെ നിര്‍മാതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘പൈശാചിക’ പാവയെ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചി(എന്‍ ഇ എസ് പി ആര്‍)ലെ മറ്റ് അംഗങ്ങളോടൊപ്പം യു എസില്‍ ചുറ്റി സഞ്ചരിക്കുകയായിരുന്നു. മരണത്തില്‍ സംശയാസ്പദമായ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version