കനത്ത സുരക്ഷാ മേഖലയായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടകയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ രംഗത്തെത്തി. അമിത് ഷാ കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ പുറത്തുപോകുമായിരുന്നു എന്നും പ്രിയങ്ക് ഖർഗെ പറഞ്ഞു. “കഴിവുകെട്ട ഒരു ആഭ്യന്തര മന്ത്രി ഉണ്ടെങ്കിൽ അത് അമിത് ഷായാണ്. ഡൽഹി, മണിപ്പൂർ, പഹൽഗാം എന്നിവിടങ്ങളിൽ എല്ലായിടത്തും സുരക്ഷാ പരാജയമാണ്. അദ്ദേഹത്തിൻ്റെ സുരക്ഷാ വീഴ്ചകൾ കാരണം ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടും?”—അദ്ദേഹം ചോദിച്ചു. രാജ്യത്തുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം അമിത് ഷായ്ക്കാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുക മാത്രമാണ് ഷായുടെ ജോലിയെന്നും പ്രിയങ്ക് ഖർഗെ കൂട്ടിച്ചേർത്തു.
അമിത് ഷാ കഴിവുകെട്ട ആഭ്യന്തരമന്ത്രി; രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖർഗെ

