Site icon Janayugom Online

ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനെന്ന് അമിത്ഷാ

ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിനെ താന്‍ പൂര്‍ണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാഷട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടു വന്നതെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നുവെന്നും ഷാ പറഞ്ഞു.2024 ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ സുപ്രിംകോടതി റദ്ദുചെയ്തത് രാഷ്ട്രീയത്തിൽ കള്ളപ്പണത്തിൻ്റെ സ്വാധീനം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്.

സുപ്രി കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണം. സുപ്രിം കോടതി വിധിയെ ഞാൻ പൂർണ്ണമായി മാനിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ പൂർണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്. 1,100 രൂപ സംഭാവനയിൽ നിന്ന് 100 രൂപ പാർട്ടിയുടെ പേരിൽ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകൾ എവിടെപ്പോയി? ടിഎംസിക്ക് 1,600 കോടി, കോൺഗ്രസിന് 1,400 കോടിയും ലഭിച്ചു.

ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും ലഭിച്ചു .303 എംപിമാരുണ്ടായിട്ടും ഞങ്ങൾക്ക് 6,000 കോടിയാണ് ലഭിച്ചത്. ബാക്കിയുള്ളവർക്ക് 242 എംപിമാർക്ക് 14,000 കോടിയാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആശയമാണെന്നും ഇതുവഴി ചെലവ് കുറയുന്നതുൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. രാജ്യത്തുടനീളം നിരവധി തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വലിയ തുക ചലവഴിക്കേണ്ടിവരുന്നതിനാൽ ആണ് ഇത്തരമൊരു ആശയം കൊണ്ടുവന്നതെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു 

Eng­lish Summary:
Amit Shah said elec­toral bonds were intro­duced to end black mon­ey in politics

You may also like this video:

Exit mobile version