Site icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. സിഎഎ രാജ്യത്തിന്റെ നിയമമാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈകാതെ തീർച്ചയായും നടപ്പാക്കുമെന്നും ഡല്‍ഹിയില്‍ നടന്ന ബിസിനസ് ഉച്ചകോടിയില്‍ അമിത് ഷാ പറഞ്ഞു. 2019 ഡിസംബറിൽ പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയെങ്കിലും ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമം കോൺഗ്രസ് സർക്കാരിന്റെ വാഗ്‌ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും സമീപരാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്‌തപ്പോൾ, അഭയാർത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് കോൺഗ്രസ് പിന്നോട്ടുപോയി. 

സിഎഎ സംബന്ധിച്ച്‌ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച്‌ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടെയും പൗരത്വം എടുത്തുകളയാന്‍ വ്യവസ്ഥയില്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നടപടിയാണിത്. പൗരത്വം നൽകാനാണ് കൊണ്ടുവന്നത്, എടുത്തുകളയാനല്ലെന്നും അദ്ദേഹം പറഞ്ഞു. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ് നിയമം. 

1955 ലെ പൗരത്വ നിയമപ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന ഹിന്ദുക്കൾ, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്‌ട്രേറ്റുകൾക്കും ആഭ്യന്തര സെക്രട്ടറിമാർക്കും അധികാരമുണ്ട്. സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പശ്ചിമ ബംഗാള്‍ അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ആയുധം. ബംഗാളിൽ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതുതന്നെ സിഎഎ ആണെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നുണ്ട്. നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമുണ്ടായിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നൂറിലധികം ആളുകൾക്ക് പ്രതിഷേധത്തിനിടെയും പൊലീസ് നടപടികളിലുമായി ജീവൻ നഷ്ടപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുത്തിരുന്നു.

Eng­lish Summary:
Amit Shah said that the Cit­i­zen­ship Amend­ment Act will be imple­ment­ed before the Lok Sab­ha elections

You may also like this video:

Exit mobile version