Site iconSite icon Janayugom Online

അമിത്ഷായുടെ തെലങ്കാനസന്ദര്‍ശനം; 27 ചോദ്യങ്ങളുമായി കെടിആര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തെലങ്കാന സന്ദർശിക്കാനിരിക്കെ, അദ്ദേഹത്തിനു മുന്നിൽ 27 ചോദ്യങ്ങൾ ഉൾപ്പെടുന്ന തുറന്ന കത്തുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും സംസ്ഥാന മന്ത്രിയുമായ കെടിരാമ റാവു കേന്ദ്രം ഭരിക്കുന്ന ബിജെപി തെലങ്കാനയോടു ചെയ്യുന്ന അനീതികളുടെ വെളിച്ചത്തിലാണ് 27 ചോദ്യങ്ങളുമായി കെടിആറിന്റെ കത്ത്. തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കെടിആർ കത്തിൽ ആരോപിച്ചു.

തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും ഇതുവരെ പാലിച്ചിട്ടില്ലെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിങ് പ്രസിഡന്റ് കൂടിയായ കെടിആർ ചൂണ്ടിക്കാട്ടി. ഗുജറാത്ത് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ തെലങ്കനയോടും അവിടുത്തെ ജനങ്ങളോടും ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്.

തെലങ്കാനയിലെ ജനങ്ങളോട് അൽപമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സന്ദർശനത്തിനിടെ പൊതുയോഗത്തിൽ സംസാരിക്കുമ്പോൾ താൻ ഉന്നയിക്കുന്ന 27 ചോദ്യങ്ങൾക്കും മറുപടി നൽകാനും കെടിആർ അമിത് ഷായെ വെല്ലുവിളിച്ചു. തെലങ്കാനയിലെ ജനങ്ങളുടെ അവകാശസംരക്ഷത്തിനായി ഞങ്ങൾ എന്നും പോരാടും. ആന്ധ്രാ വിഭജനവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിൽ തെലങ്കാനയ്ക്കുള്ള നീതിപൂർവകമായ പങ്ക് ഉറപ്പാക്കാനും ഞങ്ങൾ ശബ്ദമുയർത്തും കെടിആർ പറഞ്ഞു.

എട്ടു വർഷത്തിനിടെ തെലങ്കാനയ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കെടിആർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ആന്ധ്രാ വിഭജനവുമായി ബന്ധപ്പെട്ട് നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വരുത്തിയ വീഴ്ച, സംസ്ഥാനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും അനുവദിക്കുന്നതിലെ കാലതാമസം മുതലായ വിഷയങ്ങളും കത്തിൽ ഉയർത്തിക്കാട്ടി.

Eng­lish Summary:Amit Shah’s vis­it to Telan­gana; KTR with 27 questions

Exit mobile version