Site iconSite icon Janayugom Online

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടണം: ഉർവശി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് താര സംഘടനായ അമ്മയാണെന്ന് നടി ഉർവശി. ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്നും ഒഴുകിയും തെന്നി മാറിയും ആലോചിക്കാം എന്നുമെല്ലാം പറയാതെ വളരെ ശക്തമായി സംഘടന നിലകൊള്ളണമെന്നും സിനിമയിൽ മോശം അനുഭവം ഉണ്ടായ സ്ത്രീകളോടൊപ്പമാണ് താനെന്നും ഉർവശി പറഞ്ഞു. സംഘടന ഇരകളായ പെൺകുട്ടികൾക്കൊപ്പം നിൽക്കണം. 

ഉടൻ എക്‌സിക്യൂട്ടീവ് വിളിച്ചു ചേർക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും ഉർവശി പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ഇന്നലെ പറഞ്ഞതു പോലെ ഒഴുക്കൻ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് പഠിക്കാൻ സമയം വേണം എന്ന് പറഞ്ഞ് ഇടപെടൽ വൈകരുതെന്ന് പറഞ്ഞു. രക്ഷിക്കാൻ അറിയുന്നവർക്കേ, ശിക്ഷിക്കാനും അവകാശമുള്ളൂ. ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് ദുരുനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. അത്തരം ചില സംവിധായകർ മരിച്ചുപോയതിനാൽ പേരു പറയുന്നില്ലെന്നും ഉർവശി പറഞ്ഞു.

എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന നിലപാടല്ല വേണ്ടത്. അമ്മയുടെ ഓരോ അംഗങ്ങളും ഇടപെടണം. പരാതിയുള്ളവര്‍ ഈ സമയത്ത് രംഗത്തു വരണം. അമ്മ സംഘടന വളരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഉർവശി പറഞ്ഞു. ‘‘കമ്മിഷൻ റിപ്പോർട്ടിന് വലിയ വില കൊടുക്കണം. സംഘടനയായതിനാൽ നിയമപരമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നു അമ്മ പറയരുത്. ഒരു കലാകാരനെ അകറ്റി നിർത്താൻ സംഘടനയ്ക്കു കഴിയുമെങ്കിൽ, സഹകരിപ്പിക്കില്ലെന്ന് പറയാൻ കഴിയുമെങ്കിൽ.. രക്ഷിക്കാൻ അറിയുന്നവരേ ശിക്ഷിക്കാവൂ. സ്ത്രീകൾ പറഞ്ഞതനുസരിച്ച് രൂപീകരിച്ച ഹേമ കമ്മിഷന് വില കൊടുക്കണം’’ഉർവശി പറ‍ഞ്ഞു.

Exit mobile version