Site iconSite icon Janayugom Online

ക്രിമയയില്‍ വെടിമരുന്ന് ഡിപ്പോയിലെ ആക്രമണം: ആളുകളെ ഒഴിപ്പിച്ചു

ക്രിമയയിലെ വെടിമരുന്ന് ഡിപ്പോയിലുണ്ടായ ആക്രമണത്തെതുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ക്രിമയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലത്തിലൂടെയുള്ള ഗതാഗതം താല്കാലികമായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു. മധ്യ ക്രിമയയിലെ ഒക്റ്റിയാബര്‍സ്‍കെ ജില്ലയില്‍ ഒരു എണ്ണ ഡിപ്പോയും റഷ്യന്‍ സെെനിക സംഭരണശാലകളും നശിപ്പിച്ചതായി ഉക്രെയ‍്ന്‍ സെെന്യം അറിയിച്ചു. ആക്രമണത്തെതുടര്‍ന്ന് വെടിമരുന്ന് ഡിപ്പോയില്‍ സ്ഫോടനമുണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവര്‍ണര്‍ സെര്‍ജി അക്സിയോനോവ് പറഞ്ഞു.
ഡിപ്പോയില്‍ നിന്ന് കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 12 പേര്‍ക്ക് വെെദ്യസഹായം ആവശ്യമാണെന്നും നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പാണ് കെര്‍ച്ച് പാലത്തില്‍ ഉക്രെയ‍്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. സംഘര്‍ഷം ആരംഭിച്ചതിനു ശേഷം പാലത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമായിരുന്നു ഇത്.
19 കിലോമീറ്റര്‍ നീളമുള്ള റോഡ്- റെയില്‍ പാലം റഷ്യയുടെ സുപ്രധാന വിതരണ പാതയാണ്. റഷ്യയുടെ സെെനിക വിതരണ പാതയായതിനാല്‍ പാലം സെെന്യത്തിന്റെ ലക്ഷ്യമാണെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞിരുന്നു. പാലത്തിനു നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ റഷ്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സ്ഫോടന മുന്നറിയിപ്പുകള്‍ ഉണ്ടായാല്‍ പരിഭ്രാന്തരാകരുതെന്ന് ഔദ്യോഗിക ടെലിഗ്രാം ചാനലിലൂടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിമയയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതിനു സൂചനയായ പ്രദേശത്തെ നിര്‍ണായക മേഖലകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് റഷ്യന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരെ കുറിച്ച് അറിയാവുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനോ എഫ്എസ്‍ബിക്കോ വിവരം നല്‍കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
അതിനിടെ, തെക്കൻ തുറമുഖമായ ഒഡേസയിൽ റഷ്യൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ‍്ന്‍ അറിയിച്ചു. ആറ് വീടുകളും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും മിസെെല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഒഡേസയിലെ ഏറ്റവും വലിയ പള്ളി കെട്ടിടമായ സ്പാസോ-പ്രിഒബ്രജെൻസ്കി കത്തീഡ്രലിനും കേടുപാടുകള്‍ സംഭവിച്ചു.

Eng­lish Sum­ma­ry: Ammu­ni­tion depot attack in Crimea: peo­ple evacuated
You may also like this video;

Exit mobile version