Site iconSite icon Janayugom Online

അമീബിക് മസ്തിഷ്കജ്വരം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

അമീബിക് മസ്തിഷ്കജ്വരം പടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആവശ്യത്തിനുള്ള മരുന്നും സംവിധാനങ്ങളും ആശുപത്രികളിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രണ്ടുപേരാണ് മരിച്ചത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസമായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. 

തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ശുദ്ധജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നതോടെയാണ് രോഗി ഗുരുതരാവസ്ഥയിലായി മരണത്തിലേക്ക് എത്തുന്നത്.

Exit mobile version