Site iconSite icon Janayugom Online

അമോറിമിനെ പുറത്താക്കി; നടപടി 2027 വരെ കരാര്‍ നിലനില്‍ക്കെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റൂബൻ അമോറിമിനെ ക്ലബ്ബ് പുറത്താക്കി. മാനേജ്മെന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അമോറിമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയത്. റൂബന് പകരമായി മുൻ യുണൈറ്റഡ് താരം ഡാരൻ ഫ്ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു. ‘പോർച്ചുഗീസ് താരം തന്റെ സ്ഥാനം ഒഴിഞ്ഞതായി യുണൈറ്റഡ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ‘മാറ്റത്തിനുള്ള ശരിയായ സമയമാണിതെന്ന തീരുമാനം ക്ലബ്ബ് നേതൃത്വം അനിഷ്ടത്തോടെയാണെങ്കിലും കൈക്കൊള്ളുകയായിരുന്നു. പ്രീമിയർ ലീഗിൽ സാധ്യമായ ഏറ്റവും മികച്ച സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാൻ ഈ തീരുമാനം ടീമിന് മികച്ച അവസരമൊരുക്കും’- ക്ലബ്ബ് കൂട്ടിച്ചേർത്തു. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സ് യുണൈറ്റഡിനെതിരായ മത്സരത്തിലെ സമനിലയ്ക്ക് ശേഷം ബോർഡിനെ വിമർശിച്ചതാണ് നടപടിക്ക് കാരണമായത്.

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് ഘടനയെയും ട്രാൻസ്ഫർ നയങ്ങളെയും അമോറിം വിമർശിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഒരു യോഗത്തില്‍ ക്ലബ്ബ് ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ജാസന്‍ വില്‍കോക്‌സുമായി അമോറിം ഉടക്കിയിരുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. 2027 വരെ കരാര്‍ നിലനില്‍ക്കെയാണ് പുറത്താക്കല്‍. ലീഗില്‍ ഇത്തവണത്തെ സീസണില്‍ 20 കളികളിൽ എട്ട് എണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. 31 പോയന്റുമായി ടീം ആറാമതാണ്. കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. 14 മാസമാണ് അമോറിം യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ചിരുന്നു. എറിക്ക് ടെന്‍ ഹാഗിന്റെ പകരക്കാരനായാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ അമോറിം മാഞ്ചസ്റ്ററിലെത്തിയത്.

Exit mobile version