Site iconSite icon Janayugom Online

അമ്പലപ്പുഴ കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം

കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം.നിരവധി വീടുകൾ തകർച്ചാ ഭീഷണിയൽ.ഞായറാഴ്ച മുതലാണ് ഇവിടെ കടൽ ക്ഷോഭം രൂക്ഷമായത്.തകർന്നു കിടക്കുന്ന കടൽ ഭിത്തിക്ക് മുകളിലൂടെയാണ് അതിശക്തമായ തിരമാല ആഞ്ഞടിക്കുന്നത്. താൽക്കാലികമായി ഇട്ട ടെട്രാപോഡുകളും കടലെടുത്തു കഴിഞ്ഞു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായാണ് അപ്രതീക്ഷിത കടലാക്രമണം ഉണ്ടായതെന്ന് സൂചനയുണ്ട്. ആഞ്ഞടിക്കുന്ന തിരമാല കരയിലേക്ക് ഒഴുകിയെത്തുകയാണ്.

ഇവിടെ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വീടുകൾ തകർച്ചാ ഭീഷണിയിലാണ്.ഈ പ്രദേശത്ത് പുലിമുട്ട്, കടൽ ഭിത്തി നിർമാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ൽ ടെണ്ടർ ചെയ്താണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കാക്കാഴത്ത് നടന്ന ചടങ്ങിൽ ഇതിന്റെ പ്രഖ്യാപനവും നിർവഹിച്ചിരുന്നു. കടലാക്രമണത്തെ തടയാൻ 8 പുലിമുട്ടുകളും കടൽ ഭിത്തിയും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ 3 വർഷം പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ തീരദേശം കടലെടുത്തിരിക്കുകയാണ്. അടിയന്തിരമായി കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കിൽ നിരവധി വീടുകൾ കടലെടുക്കുന്ന സ്ഥിതിയാണിവിടെ.

Exit mobile version