Site iconSite icon Janayugom Online

ഓട്ടിസം ബാധിച്ച പതിനെട്ടുകാരനെ മാതാപിതാക്കള്‍ വീടിന് പുറത്ത് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി

autisticautistic

ഓട്ടിസം ബാധിച്ച പതിനെട്ടുകാരനെ വീടിന് പുറത്തെ മൺതറയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി മേഖലയായ മേത്തൊട്ടിയിലാണ് സംഭവം. അടുക്കള മാലിന്യം ഒഴുകുന്നതിന് സമീപം പടുത കെട്ടിയ ഷെഡിൽ മണ്ണിലാണ് ദിവസങ്ങളായി കുട്ടിയെ പാർപ്പിച്ചിരുന്നത്.

ഇന്നലെ രാവിലെ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ജീവനക്കാരാണ് ഷെഡിനകത്ത് ഓട്ടിസം ബാധിതനായ കുട്ടിയെ കണ്ടെത്തിയത്. ഈ സമയം കുട്ടി വിവസ്ത്രനും വളരെ അവശ നിലയിലുമായിരുന്നു. ഉടൻ തന്നെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ ഇവര്‍ വിവരമറിയിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും പാലിയേറ്റീവ് കെയറിലേയും ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘവും ഇതോടെ സ്ഥലത്തെത്തി. തോട്ടുപിന്നാലെ കാഞ്ഞാർ പൊലീസും എത്തി. ഷെഡിനുള്ളിൽ കുട്ടി തീരെ അവശനായിരുന്നു. വീട്ടുകാരാരും ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രക്ഷിതാക്കളെ പൊലീസ് ഫോണ്‍ വഴി ബന്ധപ്പെട്ടതിന് ശേഷമാണ് മാതാപിതാക്കൾ വീട്ടിലെക്കെത്താന്‍ കൂട്ടാക്കിയത്. ഈ സമയം പൂമാലയിലെ പട്ടിക വർഗ വികസന വകുപ്പധികൃതരെയും വിവരം ധരിപ്പിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവശനായ കുട്ടിയേയും രക്ഷിതാക്കൾക്കൊപ്പം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടി വീടിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തിയതോടെയാണ് വീടിന് പുറത്തെ ഷെഡിലേക്ക് മാറ്റിയതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവം ചൈൽഡ് ലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കുട്ടിക്ക് 18 വയസ് കഴിഞ്ഞതിനാൽ വിവരം സാമൂഹിക നീതി വകുപ്പിന് കൈമാറിയതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

Eng­lish Sum­ma­ry: An 18-year-old with autism was found locked out­side the house by his parents

You may also like this video

Exit mobile version