സിനിമയിലെ അഴകൊഴമ്പൻ അഭിപ്രായക്കാരുടെ ഒപ്പമായിരുന്നില്ല മാമുക്കോയ. പറയാനുള്ളത് തുറന്നുപറയുന്നത് ശത്രുക്കളെ സൃഷ്ടിച്ചെങ്കിൽ പോലും നിലപാടിലുറച്ച് മുന്നോട്ടുപോയ ഒരാൾ. ഇടതുപക്ഷ രാഷ്ട്രീയം പിന്തുടർന്ന മാമുക്കോയ മതേതര നിലപാടിനൊപ്പം എന്നും ഉറച്ചുനിന്നു. ആനുകൂല്യങ്ങൾക്കായി അഭിപ്രായം മാറ്റിപ്പറയാത്ത വ്യക്തിത്വമാണ് മറ്റ് സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭം, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ 2018ൽ പുറത്തിറങ്ങിയ ദി ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ എന്ന ആൽബത്തിൽ മാമുക്കോയയായിരുന്നു കേന്ദ്ര കഥാപാത്രം. സിഎഎക്കെതിരായി നടന്ന കോഴിക്കോട്ടെ പ്രക്ഷോഭത്തിലും മാമുക്കോയ എത്തിയിരുന്നു. ഫാസിസ്റ്റുകൾക്ക് മുന്നിൽ അഡ്ജസ്റ്റ്മെന്റെ് ജീവിതത്തിന് തയ്യാറല്ല എന്നായിരുന്നു അന്ന് മാമുക്കോയ പ്രസംഗിച്ചത്. ഫാസിസ്റ്റുകൾക്കൊപ്പം നിൽക്കുന്നവർ ജീവനിൽ പേടിയുള്ളവരാണെന്നും തനിക്ക് ആ പേടിയില്ലെന്നും മാമുക്കോയ വെട്ടിത്തുറന്ന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുവരെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കരുതെന്നും നിലപാടെടുത്തു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും ദിലീപ് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴായിരുന്നു മാമുക്കോയ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞത്. അക്രമത്തിനിരയായ പെൺകുട്ടിയും അമ്മയുടെ ഭാഗമായിരുന്നുവെന്നും അവര്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും ആയിരുന്നു നിലപാട്.
സ്ത്രീകൾക്ക് അവകാശങ്ങളും, സംരക്ഷണങ്ങളും നല്കുന്നതിനെ താൻ എന്നും പിന്തുണയ്ക്കും എന്ന് പല അവസരത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങണം. സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് താൻ വിചാരിക്കുന്നില്ല എന്നും പറഞ്ഞിരുന്നു. കേരളത്തിൽ വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയും മാമുക്കോയ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതാണ് രാഷ്ട്രീയകൊലപാതകങ്ങൾ പെരുകാൻ കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം 1997 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രത്തിലൂടെ വിദേശ സിനിമയിലും മാമുക്കോയ സാന്നിധ്യം അറിയിച്ചു. ഷാജി എൻ കരുണിലൂടെയാണ് ആ അവസരം ലഭിച്ചതെന്ന് മാമുക്കോയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
1979ൽ അന്യരുടെ ഭൂമിയിലൂടെയാണ് വെളളിത്തിരയിലെത്തുന്നതെങ്കിലും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനുമായുളള അടുപ്പമാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. പക്ഷേ ഒരു സൗഹൃദവും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തടസമായില്ല എന്നതാണ് മാമുക്കോയയെ വ്യത്യസ്തനാക്കുന്നത്.
ഭോജ്പുരി സിനിമാ സ്വപ്നം ബാക്കിയായി
ഹാസ്യത്തെ ജീവിതാനുഭവങ്ങളുമായി സമന്വയിപ്പിച്ച നടൻ മാമുക്കോയ യാത്രയാവുന്നത് ഭോജ്പുരി സിനിമാ സ്വപ്നം ബാക്കിയാക്കി. ഇതു സംബന്ധിച്ച ചർച്ചകൾ കോവിഡിന് മുമ്പ് ഏറെ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. ടോക്കൺ അഡ്വാൻസായി അയ്യായിരം രൂപ മാമുക്കോയ സൗഹൃദത്തിന്റെ പേരിൽ വാങ്ങുകയും ചെയ്തിരുന്നു. പത്ര പ്രവർത്തകനും സിനിമാ പ്രവർത്തകനുമായ എ വി ഫർദിസ് രചന നിർവഹിച്ച പെൻ ലാലു സിനിമ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്താണ് ലിപിയില്ലാത്ത ഉത്തരേന്ത്യയിലെ ഭോജ്പുരി മൊഴിയിൽ ഇറക്കുവാൻ തീരുമാനിച്ചിരുന്നത്.
മഹാരാഷ്ട്ര‑ബിഹാർ മേഖലകളിലെ പ്രധാനപ്പെട്ട പ്രാദേശിക വാമൊഴി ഭാഷയാണ് ഭോജ്പുരി. ഒരുപക്ഷേ സിനിമ എന്ന നിലയിൽ ഇതു മാത്രമായിരിക്കും മാമുക്കോയ തീരുമാനിച്ച് പൂർത്തിയാക്കാത്ത പദ്ധതികളിലൊന്ന്. കോഴിക്കോട് സ്വദേശിയും മുംബൈയിൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന പ്രവീണിന്റെ സംവിധാനത്തിൽ സിനിമ പുറത്തിറക്കാനായിരുന്നു തീരുമാനം. സംഗീത സംവിധാനം ഉദയകുമാറായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ കോവിഡ് കാരണം ഈ സിനിമ നടക്കാതെ പോകുകയായിരുന്നു. ഈ വർഷം സിനിമ സംബന്ധിച്ച ജോലികൾ വീണ്ടും തുടങ്ങുവാൻ തീരുമാനിച്ചിരുന്നുവെന്ന് മാമുക്കോയയുടെ ബാല്യകാല സുഹൃത്തും സിനിമയുടെ നിർമ്മാതാക്കളായ മറുനാടൻ പ്രൊഡക്ഷൻസിന്റെ പ്രൊഡക്ഷൻ ഡിസൈനറുമായ ആറ്റക്കോയ പള്ളിക്കണ്ടി പറഞ്ഞു.
English Summary;An actor with a bold attitude and strong politics
You may also like this video