Site iconSite icon Janayugom Online

ആൻ ആക്ട്രസ് ഫ്രം ഡയറക്ടേഴ്സ് ഫാമിലി

പ്രശസ്ത സംവിധായകരായ ടി എസ് സുരേഷ് ബാബു, ടി എസ് സജിമാരുടെ കുടുംബത്തിൽ നിന്നൊരു അഭിനേത്രി മലയാള സിനിമാ വേദിയിലെത്തിയിരിക്കുന്നു. പ്രശസ്ത സംവിധായകൻ സുനിൽ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിയ ‘കേക്ക് സ്റ്റോറി‘യിലൂടെ അഭിന അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകൻ ടി എസ് സജിയുടെ മകൾ ജനനി. കേക്കിന്റെ കഥ പറഞ്ഞെത്തിയ സിനിമയിൽ കേക്ക് ഷോപ്പിലെ ജീവനക്കാരിയും ഒപ്പം ഷോപ്പുടമയുടെ സുഹൃത്തുമായ ദിയ എന്ന കഥാപാത്രത്തെയാണ് തുടക്കക്കാരിയുടെ യാതൊരുവിധ പതർച്ചയുമില്ലാതെ ജനനി ഭദ്രമാക്കിയിരിക്കുന്നത്. ടി എസ് സജിയുടെ ബെസ്റ്റ് ഫ്രണ്ടായ സുനിൽ, ടെലിവിഷൻ ക്രിക്കറ്റ് ലീഗിന്റെ തിരുവനന്തപുരത്തെ ഒരു ചടങ്ങിനെത്തുമ്പോഴായിരുന്നു ജനനിയെ കാണുന്നത്. ഉടൻ ചിത്രീകരണമാരംഭിക്കാൻ പോകുന്ന സുനിലിന്റ സിനിമയിൽ ഒരു ക്യാരക്ടർ ചെയ്യാൻ താല്പര്യമുണ്ടോയെന്ന സജിയുടെ ചോദ്യത്തിന് നിറഞ്ഞ മനസോടെയുള്ളൊരു ‘യെസ്’ ആയിരുന്നു ജനനിയുടെ മറുപടി. കുഞ്ഞുനാൾ മുതലേ അഭിനയത്തോട് എന്തെന്നില്ലാത്ത പാഷനായിരുന്നു ജനനിക്ക്. ഓർമ്മവെച്ച നാൾ മുതൽ സിനിമയും സീരിയലുമായി നിറഞ്ഞുനിന്ന ഫാമിലിയിലെ ഇളമുറക്കാരിക്ക് അതുവിട്ട് മറ്റൊരു മേഖല ചിന്തിക്കാനാകില്ലല്ലോ. പോരെങ്കിൽ തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ബിഗ് ഫാനും. 

കൈവശമുണ്ടായിരുന്ന ലോങ് സ്കർട്ട്സ് വെട്ടി ഷോർട്ട് മിഡിയാക്കി, കണ്ണാടിക്കു മുന്നിൽ നിന്ന് നയൻതാര കളിച്ചതിന് അമ്മയിൽ നിന്നും ജനനിക്ക് കിട്ടാത്ത വഴക്കുകളില്ല. വല്യച്ഛനും അച്ഛനും ഇൻഡസ്ട്രിയിലെ ഹിറ്റ്മേക്കേഴ്സ് ആണെങ്കിലും ജനനിക്കൊരു ഉറച്ച തീരുമാനമുണ്ടായിരുന്നു. സിനിമയിൽ വരുന്നതും പേരെടുക്കുന്നതും സ്വന്തം ഐഡൻറിറ്റിയിലായിരിക്കണമെന്ന്. അത്തരത്തിൽ തുടങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം ജനനി മറച്ചുവെയ്ക്കുന്നില്ല. ജനനിയുടെ ഏജ് ഗ്രൂപ്പിലുള്ള ടീമിനൊപ്പമായിരുന്നു അഭിനയം. സുനിലിന്റെ മകൾ വേദയായിരുന്നു സിനിമയുടെ സ്ക്രിപ്റ്റ് റൈറ്ററും പിന്നെ ടീമിന്റെ ലീഡറും. നായികയായ വേദയും ടീമിനൊപ്പവുമുള്ള അഭിനയ നാളുകൾ അവസ്മരണീയമായിരുന്നുവെന്നാണ് ജനനിയുടെ പക്ഷം. സുനിൽ ഒരു സുഹൃത്തിനെപ്പോലെയായിരുന്നുവത്രെ പെരുമാറിയിരുന്നത്. ജനനിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി തിരുമലയും സുനിലിന്റെ ഭാര്യ ബിന്ദുവും വേദയും സഹസംവിധായകനും തണുപ്പ് സിനിമയിലെ നായകനുമായ നിധീഷും ക്യാമറാമാൻ അശോകനും എല്ലാവരും ജനനിയുടെ ആ ദിനങ്ങളെ ഫാമിലി ഫ്രണ്ട്‌ലിയാക്കിയിരുന്നു.
മലയാളത്തിലെ സീസൺഡ് ആർട്ടിസ്റ്റുകളായ അശോകനും ബാബു ആന്റണിക്കുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ജനനി. ഹെവി സീനുകളിൽ ഇരുവരും ഗ്രേയ്സ് ഫുള്ളായി അഭിനയിക്കുന്നത് അന്തംവിട്ട് നോക്കി നിന്നിരുന്നു ജനനി. ഇരുവരുടെയും വലിയ ഫാനായ ജനനി, ഷൂട്ടിങ് ഇടവേളകളിൽ ബാബു ആന്റണിയുടെ വയറ്റിൽ ഇടിക്കുമായിരുന്നു. ഒരിക്കൽ സുനിൽ പറഞ്ഞു, “എടി നീ വിചാരിക്കുന്ന പോലെയല്ല, ഒരൊറ്റ ഇടി മതി നീ തെറിച്ചു പോകാൻ…” ചിരിയടക്കാനാകാതെയാണ് ജനനി അത് പറഞ്ഞത്. 

തിരുവനന്തപുരം മാർ ഇവാനിയോസിൽ രണ്ടാം വർഷ ഇംഗ്ളീഷ് ലിറ്ററേച്ചർ വിദ്യാർത്ഥിയായ ജനനിയുടെ മറ്റൊരു പാഷൻ ഡാൻസാണ്. ഇൻസ്റ്റാ വീഡിയോസ് കണ്ടും സെൽഫ് തോട്ടിലും ക്രിയേറ്റ് ചെയ്യുന്ന സ്റ്റെപ്സിലാണ് ഡാൻസ്. കോളജിൽ നിന്നും അതിനുള്ള അംഗീകാരം വേണ്ടുവോളം ജനനിക്ക് ലഭിക്കുന്നുണ്ട്. അഭിനയ മേഖലയിൽ നിലകൊള്ളാനാണ് ജനനിയുടെ പദ്ധതി. മാതാപിതാക്കളുടെയുംജ്യേഷ്ഠൻ ജഗന്റെയും പിന്തുണ വേണ്ടുവോളം ഉള്ളതാണ് ജനനിയുടെ ഏറ്റവും വലിയ ബലം.

Exit mobile version