ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1960 കോടി രൂപകൂടി അനുവദിച്ചു. മെയിന്റൻസ് ഗ്രാന്റ് രണ്ടാം ഗഡു 1377.06 കോടി, പൊതുആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി, ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി എന്നിവയാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
മെയിന്റൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടിയും, റോഡിതിര വിഭാഗത്തിൽ 847.42 കോടിയുമാണ് അനുവദിച്ചത്. ഗ്രാമപഞ്ചായത്തുകൾക്കാണ് കൂടുതൽ വകയിരുത്തൽ. 928.28 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 130.09 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 184.12 കോടിയും, കോർപറേഷനുകൾക്ക് 59.74 കോടിയും ലഭിക്കും. പൊതുആവശ്യഫണ്ടിൽ കോർപറേഷനുകൾക്ക് 18.18 കോടി വകയിരുത്തിയപ്പോൾ ഗ്രാമപഞ്ചായത്തുകൾക്ക് 149.53 കോടി ലഭിക്കും. മുൻസിപ്പാലിറ്റികൾക്ക് 25.72 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 7.05 കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10.02 കോടി എന്നിങ്ങനെയാണ് നീക്കിവച്ചത്.
ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ 186.76 കോടി ഗ്രാമപഞ്ചായത്തുകൾക്കാണ്. 40.02 കോടി വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് ലഭിക്കും. ഹെൽത്ത് ഗ്രാന്റിൽ 37.75 കോടി പ്രൈമറി ഹെൽത്ത് സെന്ററുകളുടെയും ഉപകേന്ദ്രങ്ങളുടെയും രോഗ നിർണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും. ഗ്രാമീണ പിഎച്ച്സികളും ഉപകേന്ദ്രങ്ങളും ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങളായി മാറ്റാൻ 65.22 കോടി ചെലവിടും. ബ്ലോക്ക്തലത്തിലെ പബ്ലിക് ഹെൽത്ത് യൂണിറ്റുകൾക്ക് 2.72 കോടി ചെലവിടും. ഈ സാമ്പത്തിക വർഷം ഇതുവരെ 5678 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചു.
English Summary: An additional Rs.1960 crore has been allocated to the local bodies
You may also like this video