ദേശീയ പാതയിൽ ടാങ്കർ ലോറിയിൽ നിന്നും അമോണിയ വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ 12 മണിയോടെ എക്സ്-റേ ബൈപ്പാസിലായിരുന്നു സംഭവം. വാതകം ഇറക്കിയതിന് ശേഷം പോകുകയായിരുന്നു. എന്നാൽ 25 ശതമാനത്തോളം വാതകം ടാങ്കറിലുണ്ടായിരുന്നു. ഡ്രൈവർ ഉറക്കം വന്നതോടെ എക്സറെ ബൈപ്പാസിൽ വണ്ടി നിർത്തി അടുത്തുള്ള കടത്തിണ്ണയിൽ ഉറങ്ങാൻ കിടന്നു.
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയുടെ വാതകം നിറയ്ക്കുന്ന ഭാഗത്തെ വാൽവ് വലിയ ശബ്ദത്തോടെ തെറിച്ചു പോയതോടെയാണ് വാതകം പുറത്തേയ്ക്ക് ചേർന്നത്. വെളുത്ത പുക പോലുള്ള ദ്രാവകം പടർന്നതോടെ സമീപപ്രദേശങ്ങളിലുണ്ടായിരുന്നവർക്ക് ശ്വാസതടസം നേരിട്ടു. ചേർത്തല പൊലിസും, അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് പൂർവ്വ സ്ഥിതിയിലാക്കി. ഒരു മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.