Site iconSite icon Janayugom Online

നോറ കൊട്ടിയടച്ച വാതിൽ

നോറ കൊട്ടിയടച്ച വാതിലിന്റെ ശബ്ദം യൂറോപ്പ് മുഴുവൻ മാറ്റൊലികൊണ്ടു എന്നുള്ള നിരൂപക വാക്യം ലോക നാടക സാഹിത്യത്തിൽ ഇബ്സന്റെ പാവക്കൂട് (DOLL’S HOUSE) എന്ന നാടകത്തിന്റെ ശക്തി സ്രോതസുമായി ബന്ധപ്പെട്ടതാണ്. നൊർവീജിയൻ നാടകക്കാരനും കവിയും ആധുനിക നാടകത്തിന്റെ പിതാവുമൊക്കെയായി ഗണിക്കപ്പെടുന്ന ഇബ്സനു പറയത്തക്ക വിദ്യാഭ്യാസമൊന്നും കിട്ടിയിരുന്നില്ല. അത്രയ്ക്കുണ്ടായിരുന്നു ദാരിദ്ര്യമെന്ന യാഥാർത്ഥ്യത്തിന്റെ ആഴവും പരപ്പും.
യൗവനം തുടങ്ങവെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു നാടകക്കമ്പനിയുടെ സ്റ്റേജ് മാനേജരായി ജോലി നോക്കവെ, ഇബ്സന്റെ മനസിൽ നാടകത്തിന്റെ മുകുളങ്ങള്‍ വിരിഞ്ഞു.
ആദ്യം കാവ്യനാടകങ്ങളായിരുന്നു തൂലികയിലൂടെ വിടര്‍ന്നത്. ബ്രാന്റ്, പീയർജിന്റ് എന്നിവ പ്രസിദ്ധപ്പെടുത്തിയെങ്കിലും അവ സാഹിത്യവേദിയിൽ അത്ര കണ്ട് പോരായിരുന്നു.
എന്നിട്ടും നാടകവുമായി മുന്നോട്ടുപോകാൻ തന്നെ ആ എഴുത്തുകാരൻ തീരുമാനം എടുത്തതോടെ പാവക്കൂടും ജനശത്രുവും, ജോൺ ഗബ്രിയേലും പിറന്നു. അതൊക്കെ നാടകലോകത്ത് ശ്രദ്ധേയമായി. നാടകലോകത്തെ ഒറ്റയാന്‍ ബർണാഡ്ഷാ ഇബ്സന്റെ ആരാധകനായിരുന്നു. പ്രതിഭ, വിദ്യ, ചിന്ത, വികാരം, ശക്തി, നിയന്ത്രണം ഒക്കെ ആ നാടകകൃത്തിൽ ജ്വലിച്ചു.
ഇബ്സന്റെ കാലഘട്ടത്തിൽ ഡോൾസ് ഹൗസിലെ ഡയലോഗുകൾ യൂറോപ്പിൽ പ്രകമ്പിതമായി. ആത്മാവിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടാൻ വേണ്ട സൂത്രമൊരുക്കുകയായിരുന്നു തന്റെ നാടകത്തിലൂടെ ഇബ്സൻ. യൂറോപ്യൻ നാടകപ്രസ്ഥാനത്തെ റിയലിസത്തിന്റെ ജീവിതാനുഭവങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുചെന്ന ഇബ്സന് ചെയ്തുതീർക്കാൻ കുറേയേറെ ദൗത്യങ്ങളുണ്ടായിരുന്നു. ഇബ്സൻ ഒരു കഥാപാത്രത്തെ രംഗത്തേക്ക് കൊണ്ടുവിടുമ്പോൾ അത് യാഥാർത്ഥ്യത്തെക്കാൾ യാഥാർത്ഥ്യമായി മാറുന്നു എന്നു ഹെൻറി ജയിംസ് പറഞ്ഞിട്ടുണ്ട്. 

ഫെമിനിസം എന്ന വാക്കിന്റെയും ആ പ്രസ്ഥാനത്തിന്റെയും ആവിർഭാവത്തിനുമുന്നേ, എന്തെന്നില്ലാത്ത ഒരു പ്രവാചകസ്വഭാവത്തോടെ നോറയിലൂടെ ഇബ്സൻ ആധുനികതയ്ക്ക് വളക്കൂറിട്ടു. ആ നാടകം പുറത്തുവന്നതോടെ അതിൽ അവതരിപ്പിച്ച സ്ത്രീ സ്വാതന്ത്ര്യം വലിയ ചർച്ചാവിഷയമായി.
ഒരു കൊച്ചുകുടുംബത്തിന്റെ സന്തുഷ്ടമായ കഥയിലൂടെയാണ് നാടകം തുടങ്ങുന്നത്. മാന്യനായ ഒരു മനുഷ്യനും നല്ല ഒരു ഭർത്താവും കുടുംബസ്ഥനുമൊക്കെയായ ഹെർമൻ ആണ് നായകൻ. പരസ്പര സ്നേഹ വിശ്വാസങ്ങളുടെ ഊഷ്മള വികാരങ്ങളിൽ ഹെര്‍മനും ഭാര്യ നോറയും ജീവിതം മുന്നോട്ട് കൊണ്ടുപോയി. അവർക്ക് മൂന്നു കുഞ്ഞുങ്ങള്‍.
നാടകത്തിന്റെ നാടകീയതയിലേക്ക് കാലം തൊടുത്തുവിട്ട വില്ല് ആഞ്ഞു തറയ്ക്കുകയായി. കഠിനമായ ഒരു രോഗം-സിഫിലിസ്-ഹെര്‍മന് പിടിപെട്ടു. പല മരുന്നുകളും പരീക്ഷിച്ചെങ്കിലും രോഗം മാറിയില്ല. രോഗാവസ്ഥ കഠിനമായപ്പോൾ ഡോക്ടറുടെ നിർബന്ധപ്രകാരം ആ കുടുംബം മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചു.
നിത്യവൃത്തി നടക്കാതെ വന്നതോടെ നോറ വല്ലാതായി. സ്വപിതാവിന്റെ കെെയിൽ പണമുണ്ടെങ്കിലും ആ മനുഷ്യനോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് നോറയ്ക്കറിയാം. എന്തൊക്കെയോ ജോലി ചെയ്ത് ആ സ്ത്രീ കുടുംബത്തെ പോറ്റി. 

രോഗം ഭേദമായ ഹെർമൻ സംശയരോഗിയാകുന്നു. തന്റെ ഭാര്യക്ക് കുടുംബം നോക്കാനുള്ള പണം എവിടെനിന്ന് ലഭിച്ചു? നോറയുടെ ബുദ്ധിമുട്ടിനെയും പ്രതീക്ഷയെയും തകിടം മറിച്ചുകൊണ്ട് അതിനാടകീയത രംഗം കയ്യടക്കുന്നു. അസഹ്യവും അസന്തുഷ്ടമായ ജീവിതത്തെ അവൾ ആത്മശക്തിയിലൂടെ തരണം ചെയ്യുമ്പോൾ ഹെര്‍മന്‍ കൂടുതൽ സംശയാലുവായി.
നോറ വല്ലാതെ വിഷമിക്കുന്നുണ്ട്; അയാൾക്ക് തന്നെ തിരിച്ചറിയാനാകുന്നില്ലല്ലോ. എട്ടു വർഷം കൂടെ ഉണ്ടായിട്ടും മൂന്ന് മക്കളുടെ അമ്മയായിട്ടും…
ഇനി ആ മനുഷ്യനുമായിട്ടുള്ള ജീവിതം തനിക്കാവശ്യമില്ല എന്ന ചിന്ത നോറയിലേക്ക് കടന്നുവന്നത് ഏത് സന്ദര്‍ഭത്തിലായിരിക്കാം? മറ്റേതൊരു സ്ത്രീയും തളർന്നും തകർന്നും പോകുന്ന പരീക്ഷണ ഘട്ടത്തില്‍ അവൾ കൂടുതല്‍ കരുത്തയായി അയാൾക്കു മുന്നിൽ നിവർന്നുനിന്നു.
ഹെര്‍മന്‍ സ്വപ്നത്തിൽപോലും കരുതാത്തതാണ് പിന്നീട് ഒരു സുപ്രഭാതത്തിൽ സംഭവിച്ചത്. തനിക്ക് മുന്നില്‍ വീടിന്റെ വാതിൽ വലിച്ചടച്ചുകൊണ്ട് അവൾ താക്കോൽ നിശബ്ദം അയാൾക്കു കൊടുക്കുമ്പോൾ കനത്ത നിശബ്ദത അവിടെ തളംകെട്ടി. ഒപ്പം ‘ഞാനിറങ്ങുകയാണ്’ എന്ന ഒരേയൊരു ഡയലോഗും. ഒപ്പം വിവാഹമോതിരവും തിരിച്ചേല്പിക്കുന്നു.

നാടകം കളിച്ചിരുന്ന തിയേറ്ററുകൾ ജനം കത്തിച്ച സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്. നായകൻ സിഫിലിസ് എന്ന വെറുക്കപ്പെട്ട രോഗത്തിന്റെ അടിമയായതിനാൽ പക്ഷേ, തനിക്ക് പറയാനുള്ളത് ശക്തമായി സമൂഹത്തിന്റെ മുന്നില്‍ വിളിച്ചു പറയാന്‍ ഇബ്സൻ മടിച്ചതേയില്ല. ആ ധെെര്യത്തിനു മുന്നിൽ സാമൂഹ്യ വ്യവസ്ഥിതി തകിടം മറിഞ്ഞു. വ്യവസ്ഥാപിത കുടുംബ ജീവിതത്തിന്റെ പൊളിച്ചെഴുത്തു കൂടിയായിരുന്നു നാടകം.
ആധുനിക നാടകശാലയെ ആ കൃതി ഇളക്കിമറിക്കുകതന്നെ ചെയ്തു. നോറയുടെ താൻ പോരിമതയും ധിക്കാരവും കണക്കിലെടുത്തുകൊണ്ട് ഇങ്ങനെ എല്ലാ നോറമാരും ഇറങ്ങിപ്പോയാലോ എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. ഇബ്സൻ മറുചോദ്യംകൊണ്ടാണ് അതിന് മറുപടി കൊടുത്തത്, ‘ഇറങ്ങിപ്പോയില്ലെങ്കിൽ…?’
അപ്രിയമായ സത്യം വിളിച്ചുപറയുമ്പോൾ നീതിമാൻ പൊതുജന ശത്രുവായി മുദ്രകുത്തേണ്ടി വരുന്ന ദയനീയ സന്ദർഭത്തിന്റെ ഇരയാണ് ഡോക്ടർ സ്റ്റോക്മാൻ. പ്രഗത്ഭനായ ആ ഡോക്ടർ ഒരു വാസ്തവം കണ്ടെത്തി. തന്റെ പട്ടണത്തിലെ പൊതു കുളിസ്ഥലം മലിനീകരിക്കപ്പെട്ടതും അണുബാധയുള്ളതുമാണത്രെ. അതിൽ കുളിച്ചാൽ തീർച്ചയായും സാംക്രമികരോഗത്തിന് ഇരയാകും. അതു തുറന്നുപറഞ്ഞത് മുനിസിപ്പാലിറ്റി ഭരണാധികാരികള്‍ ഡോക്ടറെ അദ്ദേഹത്തെ സാമൂഹികദ്രോഹിയാക്കി. ആ മനുഷ്യന്റെ വീട് തകർത്തു. ഇബ്സൻ തന്റെ ‘ജനശത്രു’ എന്ന നാടകത്തിലൂടെ ആധികാരി വർഗത്തെയും അതിന്റെ കൊള്ളരുതായ്മയെയും ചോദ്യം ചെയ്യുന്നുണ്ട്.
പണ്ടേ നാടും വീടും വെറുത്തിരുന്ന ഇബ്സൻ ചിലപ്പോൾ കടുത്ത നിഷേധിയാകും, മറ്റു ചിലപ്പോൾ മറിച്ചും. അദ്ദേഹത്തിന്റെ ബ്രാന്റ് എന്ന നാടകത്തിലെ കഥാപാത്രം ആദർശധീരനും ദൃഢനിശ്ചയക്കാരനുമായിരുന്നെങ്കിൽ വെയർഗ്വിന്റ് എന്ന കഥാപാത്രം വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നവനും. ‘ബ്രാന്റി‘ലെ ബ്രാന്റ് എന്ന കഥാപാത്രത്തെ തിരിച്ചറിയുമ്പോഴേക്കും പ്രേക്ഷകർ മറ്റൊരു തിരിച്ചറിവിലേക്കാണ് എത്തിച്ചേരുക, അത് ഇബ്സൻ തന്നെയാണെന്ന്. 

Exit mobile version