ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു. വ്യാപാരിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണമാണിത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഖോകൻ ചന്ദ്ര (40) എന്ന ഫാർമസി ഉടമയാണ് ക്രൂര അക്രമണത്തിന് ഇരയായത്. കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പലതവണ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നാലെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചന്ദ്ര സമീപത്തെ കുളത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ ശരീയത്പുർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.

