വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ ആർ കേളു. അഞ്ച് ലക്ഷം വെള്ളിയാഴ്ച തന്നെ കൈമാറും. ബാക്കി ആറ് ലക്ഷം പിന്നീട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്.
പ്രിയദർശനി എസ്റ്റേറ്റിനു സമീപം വനത്തോട് ചേർന്ന തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയതായിരുന്നു രാധ. പാതി ഭക്ഷിച്ച നിലയിലുള്ള മൃതദേഹം തണ്ടർബോള്‍ട്ടാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. മന്ത്രി ഒ ആർ കേളു സംഭവ സ്ഥലത്തെത്തി. വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രാധയുടെ മൃതദേഹം വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.