Site iconSite icon Janayugom Online

ഒരു ഇന്ത്യൻ പ്രതികാരം

25 വര്‍ഷം മുമ്പത്തെ ഫൈനല്‍ തോല്‍വിക്കും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കും ന്യൂസിലാന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുവേള ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും പതറാതെ ഇന്ത്യ വിജയത്തിലെത്തി. വിജയ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗമാണ് കുതിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൂറ്റനടികളുമായി കളം വാണതോടെയായിരുന്നു അതിവേഗ ക്കുതിപ്പ്. ഓപ്പണിങ്ങില്‍ രോഹിതും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 105 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. രോഹിത് ശര്‍മ 83 പന്തുകള്‍ നേരിട്ട് 76 റണ്‍സെടുത്ത് അര്‍ധ സെഞ്ചുറി കുറിച്ചു. ഏഴു ഫോറും മൂന്ന് സിക്‌സും സഹിതമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. ശുഭ്മാന്‍ ഗില്‍ 31 റണ്‍സും സ്വന്തമാക്കി. എന്നാല്‍ കോലിക്ക് ഫൈനലില്‍ തിളങ്ങാനായില്ല. താരം രണ്ട് പന്തില്‍ ഒരു റണ്ണുമായി മടങ്ങി. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍ 62 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും തൂക്കി 48 റണ്‍സെടുത്തു തിളങ്ങി. അക്ഷര്‍ പട്ടേലും പൊരുതി. താരം ഓരോ സിക്‌സും ഫോറും സഹിതം 29 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ വിജയത്തോടടുപ്പിച്ച ശേഷമാണ് മടങ്ങിയത്. താരം 18 റണ്‍സെടുത്തു. ഓരോ സിക്‌സും ഫോറും നേടി. കെ എല്‍ രാഹുല്‍ ഓരോ സിക്‌സും ഫോറും സഹിതം 33 പന്തില്‍ 34 റണ്‍സുമായും രവീന്ദ്ര ജഡേജ 9 റണ്‍സുമായും പുറത്താകാതെ നിന്നു. ജഡേജ ഫോറടിച്ചാണ് വിജയമുറപ്പിച്ചത്. ഒപ്പം കിരീട നേട്ടവും. 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഇന്ത്യ സ്പിന്നില്‍ കരുക്കുകയായിരുന്നു. മിച്ചല്‍ ബ്രെയ്‌സ്‌വെല്ലിന്റെ അതിവേഗ അര്‍ധ സെഞ്ചുറിയാണ് കിവി സ്‌കോര്‍ 250 കടത്തിയത്. താരം 40 പന്തില്‍ 3 ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാമനായി ക്രീസിലെത്തി 101 പന്തുകൾ നേരിട്ട് മൂന്ന് ഫോറുകളുടെ സഹായത്തോടെ 63 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്കോറർ. തുടക്കത്തില്‍ തകര്‍ത്തടിച്ച രചിന്‍ രവീന്ദ്ര 29 പന്തില്‍ 37 റണ്‍സെടുത്തു. താരം നാലു ഫോറും ഒരു സിക്‌സും തൂക്കി. ഗ്ലെന്‍ ഫിലിപ്‌സ് 52 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു.
11 റൺസായിരുന്നു കെയ്ൻ വില്യംസണിന്റെ സംഭാവന. വില്‍ യങ് 15 റണ്‍സിലും ടോ ലാതം 30 പന്തില്‍ 14 റണ്‍സെടുത്തും പുറത്തായി. എട്ട് റണ്‍സെടുത്ത സാന്റ്‌നര്‍ റണ്ണൗട്ടായി. ന്യൂസിലാന്‍ഡിനു നഷ്ടമായ ഏഴില്‍ അഞ്ച് വിക്കറ്റുകളും സ്പിന്നര്‍മാര്‍ സ്വന്തമാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

Exit mobile version